health

ആവശ്യമായ അളവിൽ വെള്ളം കുടിക്കാതിരിക്കുമ്പോഴും ശുദ്ധജലത്തിന്റെ അഭാവവുമൊക്കെയാണ് മൂത്രാശയ അണുബാധയ്ക്കിടയാക്കുന്നത്. കുട്ടികളിൽ ഇതിനുള്ള സാദ്ധ്യത കൂടുതലാണ്. ആൺകുട്ടികളെ അപേക്ഷിച്ച് രോഗ സാദ്ധ്യത കൂടുതൽ പെൺകുട്ടികളിലാണ്. സ്കൂളുകളിലും മറ്റും മൂത്രമൊഴിക്കാനുള്ള സാഹചര്യങ്ങൾ കുറയുമ്പോഴും മടികാണിച്ചും വെള്ളംകുടി കുറയ്ക്കുന്നവരുണ്ട്. ഒരിക്കൽ സുഖപ്പെട്ടാലും ഇത് വീണ്ടും കണ്ടുവരുന്നത് ഇക്കാര്യത്തിൽ ആവശ്യമായ മുൻകരുതൽ വേണമെന്നതിലേക്ക് വിരൽചൂണ്ടുന്നു. പുതിയകാലത്ത് മഴ നീങ്ങുമ്പോഴേക്കും ചൂട് അധികരിക്കുകയാണ്. ഇത് മൂത്രാശയ അണുബാധയ്ക്കുള്ള സാഹചര്യമൊരുക്കുന്നു.

മൂത്രനാളി, മൂത്രസഞ്ചി, മൂത്രസഞ്ചിയും വൃക്കയുമായി ബന്ധിപ്പിക്കുന്ന കുഴൽ, വൃക്കകൾ എന്നിവിടങ്ങളിലെവിടെയെങ്കിലും ഉള്ള അണുബാധകളെല്ലാം മൂത്രാശയ അണുബാധയായി കണക്കാക്കുന്നു.

വ്യക്തിശുചിത്വത്തിലെ പോരായ്മകൾ രോഗത്തിന് മറ്റൊരു കാരണമാണ്. ഗുഹ്യഭാഗങ്ങൾ ശുചിയായി സൂക്ഷിക്കാത്തതും വിയർത്തൊട്ടി വൃത്തിയില്ലാത്ത അടിവസ്ത്രങ്ങൾ ധരിക്കുന്നതും അണുബാധയുടെ സാദ്ധ്യത വർദ്ധിപ്പിക്കും.

ഏറേനേരം മൂത്രമൊഴിക്കാതെ പിടിച്ചു വയ്ക്കുന്നതും പൂർണമായും മൂത്രം ഒഴിച്ചുകളയാത്തതും മൂത്രാശയ അണുബാധയ്ക്ക് കാരണമായേക്കാം. തീരെ ചെറിയ കുഞ്ഞുങ്ങളിൽ ഇറുകിയ ഡയപ്പറുകളും നനഞ്ഞ ഡയപ്പറുകളും യഥാസമയം മാറ്റാത്തതും അണുബാധ ഉണ്ടാക്കുന്നു. ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം മറ്റൊരു കാരണമാണ്.

കുട്ടികളുടെ പ്രായവും രോഗാവസ്ഥയുടെ തീവ്രതയും അനുസരിച്ച് രോഗലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. നവജാത ശിശുക്കളിലാകുമ്പോൾ പനി, ഛർദ്ദി, വയറിളക്കം, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ, പാൽ കുടിക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം, ശരീരഭാരം കൂടാതിരിക്കുക അഥവാ കുറയുക, ഡയപ്പർ കെട്ടുന്ന ഭാഗങ്ങളിൽ ചുവന്നു തടിക്കുക എന്നിവയൊക്കെയാകും പ്രധാന ലക്ഷണങ്ങൾ.

അൽപംകൂടി മുതിർന്ന കുട്ടികളിലാവട്ടെ പനി, ഇടയ്ക്കിടെയുള്ള മൂത്രംപോക്ക്, മൂത്രമൊഴിക്കുമ്പോഴുള്ള ചുട്ടുനീറ്റൽ, അടിവയറ്റിലെ വേദന എന്നിങ്ങനെയായിരിക്കും ലക്ഷണങ്ങൾ. പനിയോടൊപ്പം വിറയലും സാധാരണമാണ്. മൂത്രമൊഴിക്കാൻ തുടങ്ങുമ്പോൾതന്നെ വേദനമൂലം കുഞ്ഞുങ്ങൾ കരയുന്നു.

ഡോ. ഇറിന എസ്. ചന്ദ്രൻ

പുല്ലായിക്കൊടി ആയുർവേദ,

പൂക്കോത്ത് നട,

തളിപ്പറമ്പ്

ഫോൺ-9544657767.