കാസർകോട്: കൊങ്കൺ പാതയിൽ വീണ്ടും മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള ആറു ട്രെയിനുകൾ റദ്ദാക്കി. കൊങ്കൺ വഴി ഇന്നലെ കേരളത്തിൽ എത്തേണ്ടിയിരുന്ന ട്രെയിനുകളും റദ്ദായി.
കൊങ്കൺ പാതയിൽ പടീൽ - കുലശേഖര സെക്ഷനിൽ ആണ് കനത്ത മഴയെ തുടർന്ന് വീണ്ടും മണ്ണിടിഞ്ഞത്. തുടർച്ചായി നാലാം തവണയാണ് ഇവിടെ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്.
മുംബയ്-കൊച്ചുവേളി ഗരീബ്‌രഥ്, എറണാകുളം- ഓഖ, നിസാമുദ്ദിൻ - തിരുവനന്തപുരം എക്‌സ്‌പ്രസ്, ജാംനഗർ -തിരുനെൽവേലി എന്നിവയാണ് ഇന്നലെ റദ്ദുചെയ്തത്. രാജധാനി, കൊച്ചുവേളി -ഇൻഡോർ എന്നിവ ഷൊർണൂർ വഴി തിരിച്ചുവിട്ടു. മുംബയിലേക്കുള്ള നേത്രാവതി ഷൊർണൂരിൽ യാത്ര അവസാനിപ്പിച്ചു.
ഓഖ- എറണാകുളം എക്‌സ്‌പ്രസ്, തിരുവനന്തപുരം നിസാമുദ്ദീൻ എക്‌സ്‌പ്രസ് ഇന്നും ഉണ്ടാകില്ലെന്ന് പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് അറിയിച്ചു. കണ്ണൂർ - മംഗളൂരു റൂട്ടിലെ യാത്രക്കാരാണ് ഇതുമൂലം ക്ലേശം അനുഭവിക്കുന്നത്.