കണ്ണൂർ: പ്രവാസി വ്യവസായി പാറയിൽ സാജന്റെ ആത്മഹത്യ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമളയുടെയും നഗരസഭ അധികൃതരുടെയും മാനസിക പീഡനം മൂലമാണെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാർ സാജന്റെ ഭാര്യ ബീനയ്ക്ക് അയച്ച കത്തിൽ പറയുന്നു. നഗരസഭയിലെ മുഴുവൻ രേഖകളും പിടിച്ചെടുത്ത് പരിശോധിച്ചെങ്കിലും ആർക്കെതിരെയും കൂടുതൽ തെളിവുകളൊന്നും ലഭിച്ചില്ലെന്നും വിശദീകരിക്കുന്നു. പ്രത്യേക സംഘം അന്വേഷണ റിപ്പോർട്ട് ഈ ആഴ്ച കോടതിയിൽ സമർപ്പിക്കും.
മരണ കാരണം കുടുംബ പ്രശ്‌നമല്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. സാജൻ ആത്മഹത്യ ചെയ്തതിനു പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലും മറ്റും അപവാദ പ്രചാരണങ്ങൾ ഉയർന്നതിനെതിരെ ഭാര്യ ബീന മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകിയിരുന്നു. ഇതിനു മറുപടിയായാണ് കണ്ണൂർ പൊലീസ് ചീഫ് ബീനയ്ക്ക് കത്തയച്ചത്.
ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്‌നമാണെന്ന് കുടുംബാംഗങ്ങളോ മറ്റ് സാക്ഷികളോ മൊഴി നൽകിയിട്ടില്ല. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സാജനെയോ കുടുംബത്തെയോ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഉദ്യോഗസ്ഥർ പ്രവർത്തിച്ചിട്ടില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യാജവാർത്തകൾ പ്രചരിച്ചത്. മാദ്ധ്യമങ്ങളിൽ പ്രചരിച്ച വാർത്തകളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് പങ്കില്ല.
അസ്വാഭാവിക മരണത്തിന് വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കണ്ണൂർ നർകോട്ടിക് സെൽ ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ ജൂൺ 18നാണ് പാർത്ഥ കൺവെൻഷൻ സെന്റർ ഉടമ സാജൻ പാറയിൽ ആത്മഹത്യ ചെയ്തത്.