mullappally-ramachandran

മട്ടന്നൂർ: അവസര സേവകൻമാർ എന്നും കോൺഗ്രസിന് ബാധ്യതയായിരുന്നിട്ടുണ്ടെന്നും ഇനിയും ഇത്തരക്കാരുടെ ഭാരം ചുമക്കാൻ പാർട്ടിക്ക് കഴിയില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവന പാർട്ടി താൽപര്യങ്ങൾക്ക് എതിരാണ്. മോദി സ്തുതി കോൺഗ്രസിന്റെ ചെലവിൽ വേണ്ട. ശശി തരൂരിനെക്കുറിച്ച് മുമ്പും പാർട്ടിയിൽ പരാതികൾ ഉയർന്നിട്ടുണ്ട്. മോദിയുടെ നയങ്ങളെ പാർലമെന്റിനകത്തും പുറത്തും ശക്തമായി എതിർത്തു വന്നിട്ടുള്ളയാളാണ് തരൂർ. ഒരാഴ്ചയ്ക്കിടെ അദ്ദേഹത്തിന് പുതിയ വെളിപാടുണ്ടായത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ശശി തരൂരിനോട് കെ.പി.സി.സി. വിശദീകരണം തേടിയിട്ടുണ്ട്. ഈ വിഷയത്തിൽ അദ്ദേഹം എന്തു വിശദീകരണം നൽകിയാലും മോദി അനുകൂല പ്രസ്താവന അംഗീകരിക്കാൻ കോൺഗ്രസ് പ്രവർത്തകർക്കാവില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.