കാസർകോട്: മണ്ണിടിച്ചൽ കാരണം തീവണ്ടി ഗതാഗതം നിറുത്തിവച്ച കൊങ്കൺ പാതയിൽ കനത്ത മഴമൂലം അറ്റകുറ്റപ്പണി മുടങ്ങി. 300 മീറ്റർ നീളത്തോളം പാതയിലേക്ക് കുഴമ്പുരൂപത്തിലാണ് കുന്നിൻമുകളിൽ നിന്ന് മണ്ണിടിഞ്ഞുവീഴുന്നത്. മുകൾഭാഗം പിളർന്നുനിൽക്കുന്ന കുന്ന് ഏത് സമയത്തും വീണ്ടും ഇടിഞ്ഞുവീഴാൻ സാദ്ധ്യതയുള്ളതിനാൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നത് തത്കാലം ഉപേക്ഷിച്ചു.
മണ്ണിടിയുന്ന ഭാഗത്തെ റെയിൽപാത ഉപേക്ഷിച്ച് 400 മീറ്റർ സമാന്തരപാത നിർമ്മിക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. മംഗളൂരുവിനടുത്ത് പടീൽ-കുലശേഖരപുരം സ്റ്റേഷനു സമീപത്താണ് സമാന്തര പാത നിർമ്മിക്കുന്നത്. മൂന്ന് ദിവസം കൂടി കൊങ്കൺ പാതയിലെ ഗതാഗത നിയന്ത്രണം തുടരുമെന്നാണ് റെയിൽവേ നൽകുന്ന സൂചന.
ഇന്നലെ രാവിലെ 11 മണി വരെയും മഴ കാരണം ജോലി തടസപ്പെട്ടു. സമാന്തര പാത നിർമ്മാണത്തിന് 35 വാഗണുകളുള്ള മെറ്റീരിയൽ ട്രെയിൻ ഇന്നലെ രാവിലെ തന്നെ മംഗളൂരു ജംഗ്‌ഷനിൽ എത്തിയിരുന്നു. പുതിയ പാളങ്ങൾ, സ്ലീപ്പറുകൾ, കരിങ്കല്ല്, മണൽച്ചാക്കുകൾ എന്നിവയുമായി ഷൊർണൂരിൽ നിന്നാണ് മെറ്റീരിയൽ ട്രെയിൻ എത്തിയത്. ഹിറ്റാച്ചി, ജെ.സി.ബി ഉൾപ്പെടെ 17 യന്ത്രങ്ങൾ ഉപയോഗിച്ചാണ് യുദ്ധകാലാടിസ്ഥാനത്തിൽ സമാന്തര പാതയുടെ നിർമ്മാണം. കൊങ്കൺ പാതയിലൂടെ സർവീസ് നടത്തിവന്നിരുന്ന തീവണ്ടികളിൽ പലതും റദ്ദാക്കുകയും മറ്റു ചിലത് വഴിതിരിച്ചു വിടുകയുമാണ് ചെയ്തിട്ടുള്ളത്. കേരളത്തിലേക്ക് കൊങ്കൺ വഴി ഓടുന്ന ഏഴ് ട്രെയിനുകളാണ് ഈമാസം 22 മുതൽ നിറുത്തിവച്ചത്.