കാസർകോട്: കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ നാലിന് ജില്ലയിലെ സ്വകാര്യ ബസുകൾ പണിമുടക്കി കളക്ടറേറ്റ് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദേശീയപാത ഉൾപ്പെടെ ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുക, നിയമാനുസൃത പെർമിറ്റോ സമയക്രമമോ ഇല്ലാതെയുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ പിൻവലിക്കുക, കെ.എസ്.ആർ.ടി.സി ബസുകളിലും സ്വകാര്യബസുകളിലേതുപോലെ വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കുക, സമാന്തര സർവീസുകൾക്കെതിരെയുള്ള ഹൈക്കോടതിവിധി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കാസർകോട് ജില്ലയിലെ തകർന്നുകിടക്കുന്ന റോഡുകളിലൂടെ സർവീസ് നടത്തുന്ന ബസുകൾ അധിക ചിലവ് കാരണം നിർത്തിവയ്‌ക്കേണ്ടുന്ന അവസ്ഥയിലാണ്. കാസർകോട്മംഗളുരു റൂട്ടിൽ ഒരു മണിക്കൂർ അധികം ഓടിയാണ് ബസുകൾ എത്തുന്നത്. റോഡ് അറ്റകുറ്റപ്പണി കൃത്യമായി നടത്തുന്നില്ലെങ്കിലും നികുതി പിരിക്കാൻ ഇറങ്ങുന്നതിന് ഒരു തടസവുമില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. വിദ്യാനഗർ സീതാംഗോളി,, ബായാർകൈക്കമ്പ റോഡ് മാത്രമാണ് ജില്ലയിൽ മികച്ചതുള്ളത്. മറ്റെല്ലാം തകർന്നുകിടക്കുകയാണ്. സ്വകാര്യ ബസുടമകൾ കഷ്ടത്തിലാകുമ്പോൾ യാതൊരുവിധ നിയന്ത്രണവും ടൈമിംഗും ഇല്ലാതെയാണ് കെ എസ് ആർ ടി സി ബസുകൾ ഓടിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി.
വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.ഗിരീഷ്, ജനറൽ സെക്രട്ടറി സത്യൻ പൂച്ചക്കാട്, ജോയിന്റ് സെക്രട്ടറി ശങ്കര നായക്, ട്രഷറർ പി.എ.മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു.