kannur-airport

മട്ടന്നൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ കൂട്ടുനിന്നത് ഉത്തരേന്ത്യക്കാരായ കസ്റ്റംസ് ഉദ്യോഗസ്ഥർ. കോഴിക്കോട് കസ്റ്റംസ്‌ പ്രിവന്റീവ് വിഭാഗം ഇൻസ്പെക്ടർ രാഹുൽ പണ്ഡിറ്റ് അറസ്റ്റിലായതോടെയാണ് സ്വർണക്കടത്തിന്റെ ചുരുളഴിഞ്ഞത്. രാഹുൽ പണ്ഡിറ്റിന്റെ ബാച്ചുകാരായ കണ്ണൂർ വിമാനത്താവളത്തിലെ മൂന്ന് ഇൻസ്പെക്ടർമാരാണ് സ്വർണക്കടത്തിന് കൂട്ടുനിന്നത്. ഇവരെ ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ്‌ (ഡി.ആർ.ഐ) കൊച്ചി യൂണിറ്റ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

സ്വർണക്കടത്തുകാർക്ക് ഉത്തരേന്ത്യക്കാരായ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയത്തെന്നുന്ന വിമാനങ്ങളിൽ കണ്ണൂരിലിറങ്ങാനും ഇലക്ട്രോണിക്സ് ഉപകരണങ്ങളിലും മറ്റും ഒളിപ്പിച്ചു വച്ച സ്വർണം വലിയ പരിശോധന നടത്താതെ പുറത്തെത്തിക്കാനുമുള്ള സഹായമാണ് നൽകിയിരുന്നത്. ഇതേക്കുറിച്ച് രഹസ്യവിവരം ലഭിച്ച ഡി.ആർ.ഐ കൊച്ചി, കോഴിക്കോട്, കണ്ണൂർ യൂണിറ്റുകൾ ഉത്തരേന്ത്യക്കാരായ ഇൻസ്പെക്ടർമാർ ഡ്യൂട്ടിയിലുണ്ടായിരുന്ന 19 ന് കണ്ണൂരിലെത്തി പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ നാലു യാത്രക്കാരിൽനിന്ന് 4.15 കോടി രൂപ വിലവരുന്ന 11.294 കിലോ സ്വർണമാണ് പിടികൂടിയത്. ബിസ്കറ്റുകളും നാണയവുമായാണ്‌ സ്വർണം കടത്തിയത്. ദോഹ, ഷാർജ, റിയാദ് എന്നിവിടങ്ങളിൽ നിന്ന് കണ്ണൂരിൽ വിമാനമിറങ്ങിയ നാലുപേരിൽ നിന്നാണ് അനധികൃതമായി കടത്തിയ സ്വർണം പിടിച്ചെടുത്തത്.

ദോഹയിൽനിന്നെത്തിയ പാനൂർ മൊകേരി മുക്കിലെ പീടിക ഒ പി ഹൗസിൽ അംസീർ ഒറ്റപ്പിലാക്കൂലിൽ(30) നിന്ന് 1.07 കോടി രൂപയുടെയും ഷാർജയിൽനിന്നെത്തിയ ബംഗളൂരു യലഹങ്ക അത്തൂർ ലേ ഔട്ടിൽ മുഹമ്മദ് ബഷീർ ബോട്ടമിൽ (57) നിന്ന് 94.37 ലക്ഷം രൂപയുടെയും ഷാർജയിൽ നിന്നെത്തിയ വയനാട് പൊഴുതന പാറക്കുന്നിലെ അർഷാദ് കണ്ടേർ വീട്ടിലിൽ(25) നിന്ന് 1.07 കോടി രൂപയുടെയും സ്വർണം പിടികൂടി. റിയാദിൽ നിന്നെത്തിയ കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിൽ മൂഴിക്കുന്നത്ത് ഹൗസിൽ അബ്ദുള്ള മൂഴിക്കുന്നിൽ (33) 1.06 കോടി രൂപയുടെ സ്വർണമാണ് കടത്തിയത്. മൈക്രോ വേവ് ഓവൻ, മീറ്റ് കട്ടിംഗ് മെഷീൻ തുടങ്ങിയവയിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്വർണക്കടത്തിനു പിന്നിലെ കസ്റ്റംസ് ബന്ധം വെളിവായത്. തുടർന്ന് രാഹുൽ പണ്ഡിറ്റിനെ നിരീക്ഷിച്ച ഡി.ആർ.ഐ വ്യക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളിൽ നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ കണ്ണൂരിലെ മൂന്ന് കസ്റ്റംസ്‌ ഇൻസ്‌പെക്ടർമാരെയും കൊച്ചി ഓഫീസിലേക്ക്‌ വിളിച്ചു വരുത്തി.

ഒരെ ബാച്ചുകാർ

കണ്ണൂർ വിമാനത്താവളത്തിൽ എയർ കസ്റ്റംസിന്റെ ഒരേ ബാച്ചിൽ ജോലി ചെയ്യുന്നവരാണ് ഡൽഹി, ബിഹാർ സ്വദേശികളായ ഇൻസ്പെക്ടർമാർ. ഇവരുടെ ഡ്യൂട്ടി സമയത്ത് എത്തുന്ന സ്വർണക്കടത്തുകാരുടെ ബാഗേജിന്റെ നിറവും മറ്റ് അടയാളങ്ങളും കടത്തുകാരുടെ ഫോട്ടോയും അടക്കം നൽകിയാണ് പരിശോധന ഒഴിവാക്കി സ്വർണം പുറത്തെത്തിക്കുന്നത്.