air-india-express

കണ്ണൂർ:ട്രെയിനുകളിൽ സീറ്റില്ലാത്തതും വിമാനത്തിൽ കൊള്ളനിരക്ക് ഈടാക്കുന്നതും മലയാളികളുടെ ഓണയാത്ര ആശങ്കയിലാക്കുന്നു. കൊങ്കൺ വഴിയുള്ള ട്രെയിൻയാത്ര അവതാളത്തിലായതും മലബാറുകാരുടെ യാത്രാ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി. ഓണനാളുകളിൽ മുംബൈയിൽ നിന്നുള്ള മംഗള എക്‌സ്പ്രസ് അടക്കം ചില ട്രെയിനുകൾ റദ്ദാക്കിയതിനൊപ്പം മറ്റു ട്രെയിനുകളിൽ സീറ്റില്ലാത്തതും മലയാളികളെ ആശങ്കപ്പെടുത്തുന്നുണ്ട്.

ചെന്നൈ, ബംഗളുരു, മുംബൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിലൊന്നിലും ഓണനാളുകളിൽ ടിക്കറ്റ് കിട്ടാനില്ല. ഈ ദിവസങ്ങളിൽ കേരളത്തിലേക്കുള്ള വിമാനടിക്കറ്റുകളുടെ നിരക്ക് ഇരട്ടിയിലേറെയാണ്. ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകളിലും ഇക്കാലത്ത് തോന്നിയ തുകയാണ് ഈടാക്കുന്നത്.

സെപ്തംബർ ഏഴിനും എട്ടിനും ചെന്നൈയിൽനിന്നുള്ള തീവണ്ടികളിലെല്ലാം സ്ലീപ്പർ ക്ലാസ് ടിക്കറ്റുകളുടെ വെയ്റ്റിംഗ് ലിസ്റ്റ് നൂറിന് മുകളിലാണ്. എ.സി. കോച്ചിലെ വെയ്റ്റിംഗ് ലിസ്റ്റ് 30നു മുകളിലെത്തി. ബംഗളുരുവിൽ നിന്നുള്ള യാത്രയും സമാനമാണ്. ബംഗളുരുവിൽ നിന്നുള്ള കന്യാകുമാരി എക്‌സ്പ്രസിലെ സ്ലീപ്പർ ക്ലാസ് വെയ്റ്റിംഗ് ലിസ്റ്റ് 280നു മുകളിലെത്തി. കണ്ണൂരിൽ നിന്നുള്ള ഡൽഹി ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റ് മുന്നൂറിനടുത്തെത്തിയിരിക്കയാണ്.അതിനടുത്ത ദിനങ്ങളിലും ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയുടെ വെയ്റ്റിംഗ് ലിസ്റ്റിൽ 150ലേറെയായി.

യാത്ര വിമാനത്തിലാക്കാമെന്ന് കരുതുന്നവർക്കും ഓണക്കാലത്ത് നിരാശയാകും ഫലം.നേരത്തേ 2000 രൂപയിൽ താഴെയുണ്ടായിരുന്ന ടിക്കറ്റിനാണ് ഇരട്ടി വർധന. കണ്ണൂർ എയർപോട്ടിൽ നിന്ന് ബംഗളുരുവിലേക്ക് 2000 രൂപയ്ക്ക് നൽകിയിരുന്ന ടിക്കറ്റിന് ഇപ്പോൾ 3000 മുതൽ 5000 രൂപവരെയാണ് ഈടാക്കുന്നത്. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് 2500 രൂപയ്‌ക്കും 3000ത്തിനും ഇടയിലാണ്. സാധാരണ ഗതിയിൽ 2000ത്തിൽ താഴെനിരക്കിൽ കിട്ടാറുള്ള ടിക്കറ്റിനാണ് 50 ശതമാനത്തിലേറെ വർദ്ധന. മുംബൈയിൽനിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 3500നും 4000ത്തിനും ഇടയിലാണ്.