കണ്ണൂർ:അവിശ്വാസ പ്രമേയം പാസാക്കിയതിന് ശേഷം ആദ്യമായി നടന്ന കോർപ്പറേഷൻ യോഗം ബഹളത്തിൽ മുങ്ങി. യോഗം ഏഴ് മണിക്കൂറോളം നീണ്ടു നിന്നു. അജൻഡയിൽ മേയർ എന്ന് രേഖപ്പെടുത്തി ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ് ഒപ്പ് വച്ചതാണ് ഇടതുപക്ഷ കൗൺസിലർമാർ കടുത്ത പ്രതിഷേധമുയർത്താൻ കാരണമായത്.മേയർ ഇൻ ചാർജ് എന്നോ ആക്ടിംംഗ് മേയറെന്നോ വേണ്ടതിന് പകരം മേയർ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എന്ത് അടിസ്ഥാനത്തിലാണ് മേയർ എന്ന് രേഖപ്പെടുത്തി രാഗേഷ് ഒപ്പ് വച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം.

ഡെപ്യൂട്ടി മേയറായിരിക്കുന്നയാൾക്ക് സഭയുടെ അദ്ധ്യക്ഷ സ്ഥാനത്തിരിക്കാമെന്നും അജൻഡയിൽ മേയർ എന്നിടത്ത് ഒപ്പു വെക്കാമെന്ന് ഭരണഘടനയിൽ പറയുന്നുണ്ടെന്നും പി.കെ രാഗേഷ് വാദിച്ചു . ഇതോടെ ഇടതു കൗൺസിലർമാർ ഒന്ന് അടങ്ങിയെങ്കിലും അജൻഡ വായിച്ചതോടെ വീണ്ടും യോഗം ബഹളമയമായി. രണ്ടാം അജൻഡയിലുള്ള മരക്കാർകണ്ടിയിൽ പണികഴിപ്പിച്ച എസ്.സി ഫ്‌ളാറ്റ് ഗുണഭോക്താക്കൾക്ക് അനുവദിക്കുന്നതായി പ്രഖ്യാപിച്ചതും പ്രതിപക്ഷം ഒന്നടങ്കം മേയറുടെ ചേംബറിലേക്ക് ഇരച്ചു കയറി.ഒറ്റയടിക്ക് പത്ത് അജൻഡകൾ വായിച്ചതും പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു.

യോഗത്തിൽ 138 അജൻഡകൾ.

മിക്ക അജൻഡകളും നേരത്തെ യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടതായി​രുന്നു. .അമൃത് പദ്ധതി ബങ്കുകളുടെ ലൈസൻസ് പുതുക്കൽ,നഗരസഭയുടെ ഉടമസ്ഥതയിലുള്ള മുറികളുടെ ലൈസൻസ് പുതുക്കൽ തുടങ്ങിയവയാണ് പ്രധാനമായും അജൻഡയിൽ വന്നത്.ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ടി.ഒ.മോഹനൻ, മുരളീധരൻ തൈക്കണ്ടി, സി.സമീർ, എൻ.ബാലകൃഷ്ണൻ, സി.എറമുള്ളാൻ എന്നിവർ ചർച്ചയി​ൽ പങ്കെടുത്തു.

കൗൺസിലറുടെ അവധി​യും അജൻഡയി​ൽ

സംസാരിക്കുന്നത് ഔദാര്യമല്ല അവകാശമാണെന്ന് ഇടതുപക്ഷ കൗൺസിലർ എൻ.ബാലകൃഷ്ണൻ പറഞ്ഞതിന്റെ വഴി പിടിച്ച് കൗൺസിലർ ഭാരതിയുടെ അവധി അവകാശമാണെന്നു പറഞ്ഞ് യു.ഡി.എഫ് കൗൺസില‌മാർ ബഹളം വച്ചു.വൃക്ക രോഗം ബാധിച്ചതിനാൽ ജൂൺ 12 മുതൽ ജൂലായ് 7 വരെ കെ.കെ.ഭാരതി അവധിയിലായിരുന്നു. അവധിയായി പരിഗണിക്കാൻ പ്രതിപക്ഷം വിസമ്മതിച്ചതോടെ ഭരണപക്ഷ കൗൺസിലർമാർ ബഹളം വച്ചു.അവധി​ തരാമെന്ന് മുൻ മേയ‌ർ പറഞ്ഞിരുന്നുവെന്ന് യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞതോടെ തർക്കമി​ല്ലാതെ അവധി അനുവദിച്ചു.

പ്രവൃത്തി റദ്ദാക്കി

അമൃത് പദ്ധതിയുടെ ഭാഗമായി കക്കാട് അങ്ങാടി മുതൽ പള്ളിപ്രം റോഡ്,സൗത്ത് ബസാർ മുതൽ കോർജാൻ സ്കൂൾ വരെയുള്ള പ്രവൃത്തി റദ്ദാക്കി. നീക്കി വച്ച തുക സ്റ്റോംവാട്ടർ ഡ്രെയിനേജ് പ്രവൃത്തിക്കായി വകയിരുത്താനും തീരുമാനിച്ചു.

അവിശ്വാസ പ്രമേയം:ചർച്ച രണ്ടിന്

സെപ്തംബർ രണ്ടിന് ഡപ്യൂട്ടി മേയർക്കെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ യോഗം ചേരും.ഇടതുപക്ഷമാണ് പി.കെ.രാഗേഷിന് എതിരായുള്ള അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. 28 കൗൺസിലർമാരുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ പ്രമേയം പാസാവുകയുള്ളു.നിലവിൽ 26 കൗൺസിലർമാരുടെ പിന്തുണ മാത്രമാണ് എൽ.ഡി.എഫിന് ഉള്ളത്.യു.ഡി.എഫ് പക്ഷത്ത് 28 പേരുണ്ട്.

മൃഗങ്ങൾക്കായി ക്രി​മിറ്റോറിയം
കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ മൃഗങ്ങൾക്കായി ക്രി​മിറ്റോറിയം വരുന്നു. ശുചിത്വ മിഷന്റെ നിർദ്ദേശം ഇന്നലെ ചേർന്ന കൗൺസിൽ യോഗം തത്വത്തിൽ അംഗീകരിച്ചു. ചേലോറയിൽ നിലവിലുള്ള ട്രെഞ്ചിംഗ് ഗ്രൗണ്ടിന് സമീപത്ത് 10 സെന്റ് സ്ഥലം ഇതിനായി നീക്കിവെക്കണമെന്ന നിർദ്ദേശമുണ്ടായി. എന്നാൽ ചേലോറ ഇപ്പോൾ ജനവാസ കേന്ദ്രമാണെന്നും അതിനാൽ അവിടെ സ്ഥാപിക്കണമോയെന്ന് ഗൗരവത്തോടെ ആലോചിക്കണമെന്ന് അംഗങ്ങൾ പറഞ്ഞു.

ഉദ്യോഗസ്ഥ മാറ്റത്തിലും പ്രതി​ഷേധം

കോർപറേഷനിലെ ഭരണമാറ്റത്തിനു ശേഷമുണ്ടായ ഉദ്യോഗസ്ഥ മാറ്റത്തിനും കൗൺസിലർമാർ പ്രതിഷേധിച്ചു. കോർപറേഷനിലെ സി.ഡി.എസ് മെമ്പർ സെക്രട്ടറിയെ മാറ്റി കെ. ഉദയകുമാറിനെ നിയമിക്കുന്ന വിഷയത്തിലാണ് ചർച്ചയുണ്ടായത്.