കാസർകോട്: മുനിസിപ്പൽ സ്റ്റേഡിയം സ്‌ക്വയറിന്റെ പ്രവർത്തികൾക്കായി ഇറക്കിയ സാധനസാമഗ്രികൾ മോഷ്ടിച്ചുകടത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കാസർകോട് ടൗൺ എസ്.ഐ മെൽവിൻ ജോസും സംഘവും അറസ്റ്റു ചെയ്തു. ചെർക്കള ഇന്ദിരനഗറിലെ ഷരീഫ് (20), ചെട്ടുംകുഴിയിലെ മുസ്തഫ (20) എന്നിവരാണ് അറസ്റ്റിലായത്.

സംഭവവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി പെരുമ്പള ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന അഷ്‌കർ, മൊയ്തീൻ, പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരെ പൊലീസ് തിരയുകയാണ്. ഇവരെ പിടികൂടിയാൽ മാത്രമേ സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ജൂലായിലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ നടത്തുന്ന മുനിസിപ്പൽ സ്റ്റേഡിയം സ്‌ക്വയറിന്റെ വികസന പ്രവർത്തികൾക്കായി ഇറക്കിയ നാല് ആംബ്ലിഫെയർ, 10 ഫോക്കസ് ലൈറ്റ്, 60 വാച്ച്, ആറ് കളർ ലൈറ്റ്, ഒരു ടൺ നട്ടും ബോൾട്ടും എന്നിവ മോഷ്ടിച്ചുകടത്തിയത്. പദ്ധതിയുടെ കരാർ ഏറ്റെടുത്ത അബ്ദുൽ മജീദ് എരിയാൽ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അന്വേഷണത്തിൽ വടകര വില്യാപ്പള്ളിയിൽ മൂന്ന് ആംബ്ലിഫെയറുകൾ വിൽപന നടത്തിയതായി കണ്ടെത്തി. 70,000 രൂപയ്ക്കാണ് വിൽപന നടത്തിയത്. ലൈറ്റുകൾ കാസർകോട്ടെ ലൈറ്റ് ആൻഡ് സൗണ്ട് കടയിൽ സൂക്ഷിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്.