സർവീസ് റോഡുകളിൽ ഓരോതരം വാഹനങ്ങൾക്കും പ്രത്യേകം പാർക്കിംഗ് ഏരിയ
ഓട്ടോകളുടെ സമാന്തര സർവീസ് കർശനമായി തടയും.
ഓട്ടോയിൽ യാത്ര ചെയ്യേണ്ടവർ സ്റ്റാൻഡിൽ നിന്നു കയറുക
ചരക്കു വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നതും തടയും
കാഞ്ഞങ്ങാട്: നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപടികൾ തുടങ്ങി. സെപ്തംബർ 1 മുതൽ കോട്ടച്ചേരി ബസ് സ്റ്റാൻഡിൽ നിർത്തിയിടുന്ന മുഴുവൻ ബസ്സുകളും അലാമിപ്പള്ളി ബസ് സ്റ്റാൻഡിലേക്ക് മാറും. കോട്ടച്ചേരി ബസ് സ്റ്റാൻഡ് ബസ് കാത്തിരിപ്പ് കേന്ദ്രമായി മാറും.
പഴയ സ്റ്റാൻഡിലും ബസ് ബേയിലും ബസ്സുകൾ നിർത്തിയിടരുത്. യാത്രക്കാരെ ഇറക്കുകയോ കയറ്റുകയോ ചെയ്യാം. സർവീസ് റോഡുകളിൽ ഓരോതരം വാഹനങ്ങൾക്കും പ്രത്യേകം പാർക്കിംഗ് ഏരിയ അനുവദിച്ചു. ബസ്സുകൾക്ക് ടിബി റോഡ് ജംഗ്ഷനിലുള്ള യുടേൺ ഒഴിവാക്കും. ട്രാഫിക് സർക്കിളിൽ നിന്ന് വലത്തോട്ട് പോകേണ്ട ചെറുവാഹനങ്ങൾ പെട്രോൾ പമ്പിന് മുൻ വശത്തെത്തിയാൽ വലത്തേ ട്രാക്കിലേക്ക് മാറണം. ഇടതു ട്രാക്കിൽ നിന്ന് വലത്തോട്ട് തിരിയുന്നത് ചെറുവാഹനങ്ങൾ ഒഴിവാക്കണം.
ഓട്ടോകൾ സമാന്തര സർവീസ് നടത്തുന്നത് കർശനമായി തടയും. സീബ്രാലൈനിൽ കൂടിയല്ലാതെ റോഡ് മുറിച്ചുകടക്കരുതെന്ന് പൊതുജനങ്ങൾക്കും നിർദ്ദേശമുണ്ട്. ഓട്ടോയിൽ യാത്ര ചെയ്യേണ്ടവർ സ്റ്റാൻഡിൽ വെച്ച് കയറുക. ഓടുന്ന വാഹനത്തിനു കൈ കാണിച്ച് നിർത്തി കയറുന്ന സമ്പ്രദായം ഒഴിവാക്കണം. ചരക്കു വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നത് കർശനമായി തടയുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
പ്രകടനങ്ങളും, ജാഥകളും സർവീസ് റോഡ് വഴി മാത്രം നിജപ്പെടുത്താനും നിർദ്ദേശമുണ്ട്. പുതിയ സ്റ്റാൻഡിലൊഴികെ മറ്റൊരിടത്തും ബസ്സുകൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. പരിഷ്‌കാരം സംബന്ധിച്ച് ഇന്നലെ വൈകീട്ട് യുവജന സംഘടനാ പ്രവർത്തകരുമായി ചെയർമാൻ ചർച്ച നടത്തി.