മാഹി : റേഷൻ കടകൾ ഇല്ലാതായ മാഹിയിൽ ഓണത്തിന് സിവിൽ സപ്‌ളൈസ് വഴിയോ സഹകരണ ബാങ്കുകൾ വഴിയോ അരിയും നിത്യോപയോഗ സാധനങ്ങളും ന്യായവിലക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനശബ്ദം മാഹി സെപ്തംബർ മൂന്നിന് കാലത്ത് 10 മണിക്ക് ഗവ. ഹൗസിന് മുന്നിൽ ധർണ്ണ നടത്തും.
നേരത്തെ മുഴുവൻ റേഷൻ കാർഡുകൾക്ക് നൽകി വന്ന 10 കിലോ സൗജന്യ അരിയും നിലച്ചിരിക്കുകയാണ്.പുതുച്ചേരിയിൽ വിശേഷ ദിവസങ്ങളിൽ സർക്കാർ നൽകിവരുന്ന സൗജന്യങ്ങൾ പോലും മാഹിക്ക് അന്യമാവുകയാണ്. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രി എം.കന്തസ്വാമിക്കും മാഹി എം. എൽ.എക്കും റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർക്കും നിവേദനം നൽകിയിരുന്നു. മയ്യഴിയിലെ
പാവപ്പെട്ടവർക്ക് ആശ്വാസം പകരുന്ന നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
വാർത്താ സമ്മേളനത്തിൽ ചാലക്കര പുരുഷു, ടി.എം.സുധാകരൻ,ദാസൻ കാണി, ഇ.കെ.റഫീഖ്, ടി.എ.ലദീപ്, എം.പി. ഇന്ദിര, പുഷ്പ ഈസ്റ്റ് പളളൂർ എന്നിവർ പങ്കെടുത്തു