പേരാവൂർ: പ്രളയത്തിൽ തകർന്ന വളയംചാൽ തൂക്കുപാലത്തിന്റെ പുനർനിർമ്മാണം പൂർത്തിയായി. ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് ആറളം ഗ്രാമപഞ്ചായത്ത്, ആദിവാസി പുനരധിവാസ മിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഇതോടെ രണ്ടാഴ്ചയിലധികമായി ആറളം പുനരധിവാസ മേഖലയിലെ ജനങ്ങളും വിദ്യാർത്ഥികളുമനുഭവിച്ചു വന്ന യാത്രാക്ലേശത്തിന് താത്കാലിക വിരാമമായി.
വെള്ളപ്പൊക്കത്തെത്തുടർന്ന് ഒരു വർഷത്തിനുള്ളിൽ തുടർച്ചയായി മൂന്നാം തവണയാണ് വളയംചാൽ പാലം തകരുന്നത്. പാലം തകർന്നതോടെ മേഖലയിലെ ജനങ്ങൾ തിർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.ആറളത്തു നിന്നും കണിച്ചാറിലേക്ക് വരാനും തുടർന്ന് തലശ്ശേരി, കണ്ണൂർ, മാനന്തവാടി എന്നിവിടങ്ങളിൽ എത്തിച്ചേരാനുള്ള എളുപ്പമാർഗ്ഗമാണ് പാലത്തിന്റെ തകർച്ചയോടെ ഇല്ലാതായത്. ഇതു മൂലം കണിച്ചാറിൽ എത്തിച്ചേരാൻ ആറളത്തു നിന്നും ചെളി നിറഞ്ഞ വഴിയിലൂടെ നടന്ന് അണുങ്ങോടെത്തി ഇരുമ്പുപാലം കടന്ന് ഇക്കരെയെത്തി ചെറിയ വാഹനങ്ങളെ ആശ്രയിക്കേണ്ടിയും വന്നു. നാലു കിലോമീറ്ററോളം അധികം സഞ്ചരിച്ചാണ് കുട്ടികളും പ്രദേശവാസികളും കണിച്ചാറിൽ എത്തിയിരുന്നത്.പലപ്പോഴും വിദ്യാർത്ഥികളുടെ പഠനം പോലും മുടങ്ങുന്ന സാഹചര്യവുമുണ്ടായി. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ജില്ലാ ഭരണകൂടം 2,40,000 രൂപ ചെലവഴിച്ചാണ് പാലത്തിന്റെ പുനർനിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.
ജില്ലാ കളക്ടർ ടി.വി.സുഭാഷ്, തലശ്ശേരി സബ് കളക്ടർ ആസിഫ് കെ.യൂസഫ് എന്നിവർ മുൻകൈയെടുത്ത് ടി .ആർ .ഡി.എമ്മിന്റെ നേതൃത്വത്തിലാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
ഇഴഞ്ഞുനീങ്ങി കോൺക്രീറ്റ് പാലം പ്രവൃത്തി
മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നബാർഡിന്റെ സഹായത്തോടെ വളയംചാലിൽ നിർമ്മിക്കുന്ന കോൺക്രീറ്റ് പാലത്തിന്റെ പ്രവൃത്തി ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഈ പാലം പൂർത്തിയായാൽ ആറളത്ത് എത്തിച്ചേരുന്ന വിനോദസഞ്ചാരികളുൾപ്പെടെയുള്ളവർക്കും അനുഗ്രഹമായി മാറും
ചിലവ് :2,40,000
നിർമ്മിച്ചത് :ടി.ആർ.ഡി.എം
പടം :പ്രളയത്തിൽ തകർന്ന വളയംചാൽ തൂക്കുപാലം പുനർനിർമ്മിച്ചപ്പോൾ