മട്ടന്നൂർ:മട്ടന്നൂരിലെ മുഴുവൻ സർക്കാർ ഓഫീസുകളെയും ഒരു കുടക്കീഴിലാക്കാനായി മട്ടന്നൂർ റവന്യൂടവറിന്റെ നിർമ്മാണം ഉടൻ തുടങ്ങും. 22.53 കോടി രൂപ ചെലവിൽ റവന്യൂ ടവർ നിർമിക്കുന്നതിന് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്.മട്ടന്നൂർ കോടതിക്ക് സമീപം പഴശ്ശി ജലസേചനപദ്ധതിയുടെ ഉടമസ്ഥതയിൽനിന്ന്‌ വിട്ടുകിട്ടിയ മൂന്നേക്കർ സ്ഥലത്താണ് റവന്യൂടവർ നിർമിക്കുന്നത്.

അഞ്ചുനിലകളിലായി 5737 ചതുരശ്രമീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിനും 530 ചതുരശ്രമീറ്റർ വിസ്തീർണമുള്ള കാന്റീൻ കെട്ടിടത്തിനുമാണ് അനുമതി ലഭിച്ചത്.സംസ്ഥാന ഭവനനിർമാണ ബോർഡിനാണ് നിർമാണച്ചുമതല. മന്ത്രി ഇ.പി.ജയരാജൻ സമർപ്പിച്ച പദ്ധതി അംഗീകരിച്ചാണ് സർക്കാർ റവന്യൂടവറിന് അനുമതി നൽകിയത്.മട്ടന്നൂരിൽ വിവിധ സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ റവന്യൂടവർ പൂർത്തിയാകുന്നതോടെ ഇവിടേക്ക് മാറും. വാടകക്കെട്ടിടത്തിൽ അസൗകര്യങ്ങൾക്ക് നടുവിലാണ് പല സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്നത്. അടുത്തമാസംതന്നെ റവന്യൂടവറിന്റെ പ്രവൃത്തി തുടങ്ങും.

നിർമ്മാണചിലവ് :22.53 കോടി

ചതുരശ്രമീറ്റർ: 5737

അഞ്ചുനില

കാന്റീൻ കെട്ടിടം

മുഴുവൻ സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിൽ