തൃക്കരിപ്പൂർ: മൂന്നു കോടി രൂപ ചെലവിൽ നിർമ്മിച്ച തലിച്ചാലം അണ്ടർ റെയിൽവേ പാസേജിൽ വെള്ളം കയറിയത് മനുഷ്യാവകാശ കമ്മിഷന്റെ പരിഗണനയിൽ. ഇതിന്റെ ഭാഗമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സെപ്തംബർ 6 ന് കാസർകോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ വെച്ച് തെളിവെടുപ്പ് നടത്തും. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് അംഗം സത്താർ വടക്കുമ്പാട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ .ഇളമ്പച്ചി തലിച്ചാലം റെയിവേ പാതയുടെ കിഴക്കും പടഞ്ഞാറുമുള്ള പ്രദേശവാസികളുടെ യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിനാണ് മൂന്നു വർഷങ്ങൾക്ക് മുമ്പ് ഇവിടെ റെയിവേ അണ്ടർ പാസേജ് ഒരുക്കിയത്.നിലവിലുണ്ടായിരുന്ന യാത്രാ സൗകര്യം പൂർണ്ണമായും തകർത്താണ് പുതുതായി നിർമ്മാണം പൂർത്തിയാക്കിയത്.എന്നാൽ വയൽ പ്രദേശത്ത് സമനിരപ്പിൽ നിന്ന് താഴ്ചയിലൂടെ കടന്നു പോകുന്ന ഈ അടിപ്പാതയിൽ മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നതോടെ വാഹനയാത്ര അസാധ്യമായി. ഒരാൾ പൊക്കത്തിൽ വെള്ളം കയറുന്നത് കാൽനട യാത്രപോലും അസാധ്യമാക്കി. . പലതവണ റയിൽവെയെ അറിയിച്ചിട്ടും വിവിധ സംഘടനകൾ സമരം നടത്തിയിട്ടും ഫലമുണ്ടായില്ല.
തലിച്ചാലം അണ്ടർ പാസേജിൽ
വെള്ളം കയറിയ നിലയിൽ