കാസർകോട്: സഫിയ വധക്കേസ് ആക്‌ഷൻ കമ്മിറ്റി വീണ്ടും സജീവമാകുന്നു. ഒന്നാം പ്രതി കാസർകോട് മുളിയാർ മാസ്തികുണ്ടിലെ കെ.സി ഹംസയുടെ വധശിക്ഷ ജീവപര്യന്തം തടവുശിക്ഷയായും രണ്ടു പ്രതികളെ വെറുതെ വിട്ടും കൊണ്ടുള്ള ഹൈക്കോടതി വിധി പ്രസ്താവത്തിന് പിന്നാലെയാണ് ആക്‌ഷൻ കമ്മറ്റി വീണ്ടും യോഗം ചേരുന്നത്. 11 വർഷം മുമ്പ് രൂപീകരിച്ച ആക്‌ഷൻ കമ്മിറ്റി ഇതുവരെ പിരിച്ചുവിട്ടിരുന്നില്ല. അമ്പലത്തറ കുഞ്ഞികൃഷ്ണൻ ചെയർമാനും വി.കെ.പി മുഹമ്മദ് ജനറൽ കൺവീനറുമായ കമ്മിറ്റിയാണ് ജനകീയ പ്രക്ഷോഭം നടത്തിയത്. ഇതിനിടയിൽ ജനറൽ കൺവീനർ മരണപ്പെട്ടു.കാസർകോട്ടെ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും പ്രതിനിധികൾ അടങ്ങുന്നതായിരുന്നു സമരസമിതി. പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ തന്നെ ലഭിക്കുന്നതിന് സർക്കാർ അപ്പീൽ പോകണമെന്ന് ആവശ്യപ്പെടുമെന്നും അതിനായി വീണ്ടും സമരം തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുമെന്നുമാണ് കൺവീനർ വിജയലക്ഷ്മി കടമ്പാർ പറയുന്നത്.
ബാലപീഡനം പുറത്തുവരുമെന്ന് പറഞ്ഞാണ് കൊലപ്പെടുത്തിയതെന്നാണ് ഒന്നാംപ്രതി മൊഴി നൽകിയിരുന്നത്. ബാലപീഡനത്തെ ഭയമുള്ള പ്രതിക്ക് പെൺകുട്ടിയെ കൊല്ലുന്നതിന് ഭയമില്ലെന്നാണ് ഇതിൽ നിന്ന് തെളിയുന്നതെന്ന് വിജയലക്ഷ്മി പറഞ്ഞു. ഹൈക്കോടതി വിധിയിൽ നിരാശ പ്രകടിപ്പിച്ച സമരസമിതി വിഷയം വീണ്ടും ഉന്നയിച്ച് നിയമപോരാട്ടം തുടരാനുള്ള ഒരുക്കത്തിലാണ്. ലോക്കൽ പൊലീസ് എഴുതിത്തള്ളിയ കേസ് ഒരു ദൃക്‌സാക്ഷി പോലും ഇല്ലാതെ പൂർണമായും ശാസ്ത്രീയ സാഹചര്യ തെളിവുകൾ മാത്രം നിരത്തിയാണ് അന്നത്തെ ക്രൈംബ്രാഞ്ച് ഡിവൈ. എസ് പി കെ വി സന്തോഷിന്റെ നേതൃത്വത്തിൽ തെളിയിച്ചത്.