കാസർകോട്: ആബിദ് വധക്കേസടക്കം മൂന്ന് കേസുകളിലെ പിടികിട്ടാപ്പുള്ളി പെർവാഡിലെ ഷംസു (36) പിടിയിലായി. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് കാസർകോട് ടൗൺ എസ്.ഐ. മെൽവിൻ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. 2007 ലാണ് എരിയാലിലെ ഐ.എൻ.എൽ പ്രവർത്തകൻ ആബിദ് കൊല്ലപ്പെട്ടത്. ഈ കേസിൽ ജാമ്യത്തിലിറങ്ങി ഷംസു ഒളിവിൽ പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിരവധി തവണ സമൻസയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

2008 ൽ വധശ്രമം, 2009 ൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകൽ എന്നീ കേസുകളും ഇയാൾക്കെതിരെയുണ്ട്. കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളിലും ഷംസുവിനെതിരെ കേസുകൾ നിലവിലുണ്ട്. സിവിൽ പൊലീസ് ഓഫീസർമാരായ പ്രമോദ് കാലിക്കടവ്, റിജു നടക്കാവ്, പ്രശാന്ത് മടക്കര എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.