കാസർകോട്: ജില്ലയിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളിൽ ഇനി മുതൽ കുഴൽ കിണറുകൾ പുറത്താവും. ഭൂഗർഭ ജലം അപകടകരമാം വിധം കുറഞ്ഞു വരുന്ന ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് കുടിവെള്ള പദ്ധതികളിൽ കുഴൽ കിണറുകൾ കുഴിക്കുകയില്ലെന്ന് ജില്ലാ പഞ്ചായത്തിന്റെയും നഗരസഭകളുടെയും പദ്ധതി അവലോകന യോഗം തീരുമാനിച്ചു.

കുഴൽ കിണറുകൾക്ക് പകരം സാധാരണ കിണറുകൾ പ്രയോജനപ്പെടുത്തി കുടിവെള്ള പദ്ധതികൾ നടപ്പിലാക്കും. ജില്ലാ പഞ്ചായത്ത്, കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകൾ എന്നിവിടങ്ങളിൽ നടപ്പിലാക്കിയ വിവിധ പദ്ധതികൾ യോഗത്തിൽ വിലയിരുത്തി. ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി സർക്കാർ നോമിനി കെ. ബാലകൃഷ്ണൻ, ഡി.പി.സി അംഗം ഇ. പത്മാവതി, ജില്ലാ പ്ലാനിംഗ് ഓഫീസർ എസ്. സത്യപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ പദ്ധതി നിർവഹണ ഉദ്യോഗസ്ഥരും സംബന്ധിച്ചു.