കണ്ണൂർ: നാടകീയ നീക്കങ്ങൾക്കൊടുവിൽ പി.കെ രാഗേഷിനെതിരേയുള്ള അവിശ്വാസം കൊണ്ടുവരാനുള്ള യോഗത്തിൽ നിന്നും യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നേക്കും. നാളെയാണ് ഡെപ്യൂട്ടി മേയറായ പി.കെ രാഗേഷിനെതിരേ കണ്ണൂർ കോർപറേഷൻ കൗൺസിലിൽ എൽ.ഡി.എഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കുന്നത്.
ഇന്നുചേരുന്ന യു.ഡി.എഫ് കൗൺസിലർമാരുടെ യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും. പാസാകുന്നതിനു വേണ്ട അംഗസംഖ്യ എൽ.ഡി.എഫിനില്ലാത്തതിനാൽ അവിശ്വാസം തള്ളിപ്പോകാനാണ് സാധ്യത. 28 അംഗങ്ങളുള്ള യു.ഡി.എഫിൽ നിന്നും പി.കെ. രാഗേഷിനെതിരായി ആരെങ്കിലും വോട്ടു ചെയ്യുമെന്ന പ്രതീക്ഷയോടെയാണ് എൽ.ഡി.എഫ് പ്രമേയത്തിന് നോട്ടീസ് നൽകിയത്. അതെ സമയം വ്യക്തിപരമായ കാര്യങ്ങളെല്ലാം മാറ്റിവച്ച് ഒറ്റക്കെട്ടോടെയാണ് നിലപാടെടുക്കുമെന്നാണ് യു.ഡി.എഫ് കൗൺസിലർമാരുടെ ഔദ്യോഗിക ഭാഷ്യം.
ഇടതു സ്ഥാനാർഥിയെ ഇന്നറിയാം
അതിനിടെ നാലിന് നടക്കുന്ന കോർപറേഷൻ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി സുമാ ബാലകൃഷ്ണനെതിരെ ഇടതുമുന്നണി സ്ഥാനാർഥിയെ തീരുമാനിക്കാൻ എൽ.ഡി.എഫ് കോർപ്പറേഷൻ കോർ കമ്മിറ്റി യോഗം ഇന്ന് നടക്കും. വൈകിട്ട് 5ന് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്..
മേയർ സ്ഥാനാർത്ഥിയായി എ.ഐ.സി.സി മെമ്പറും കെ.പി.സി.സി ജനറൽ സെക്രട്ടറിയും കിഴുന്ന ഡിവിഷൻ കൗൺസിലറുമായ സുമ ബാലകൃഷ്ണനെ യു.ഡി.എഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുസ്ലീം ലീഗ്, കോൺഗ്രസ് കൗൺസിലർമാരുടെ സംയുക്ത യോഗത്തിലാണ് സുമ ബാലകൃഷ്ണനെ മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ആദ്യത്തെ ആറുമാസം സുമ ബാലകൃഷ്ണൻ മേയറായാൽ പിന്നീടുള്ള ആറ് മാസം മുസ്ലീം ലീഗിലെ കസാനക്കോട്ട ഡിവിഷൻ കൗൺസിലർ സി. സീനത്തിന് വേണ്ടി ഒഴിഞ്ഞുകൊടുക്കണമെന്നുമാണ് യു.ഡി.എഫിൽ ധാരണയായത്.
എൽ.ഡി.എഫ് പരിഗണിക്കുന്നവർ
ഇ.പി ലത (മുൻമേയർ)
കെ.റോജ(വലിയന്നൂർ ഡിവിഷൻ)
എ.പി.അജിത(തോട്ടട ഡിവിഷൻ)