കണ്ണൂർ: കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിനെതിരായ അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ കൗൺസിലർമാർക്ക് മതിയായ പൊലീസ് സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി. സ്വതന്ത്ര കൗൺസിലർ ടി.കെ. അഷ്‌റഫിന്റെ ഹർജിയിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്റെ ഉത്തരവ്.
കളക്ടർക്ക് അവിശ്വാസപ്രമേയ നോട്ടീസ് നൽകിയതുമുതൽ രാഗേഷ് തന്നെയും മറ്റു കൗൺസിലർമാരെയും ഭീഷണിപ്പെടുത്തുകയാണെന്ന് കാണിച്ചാണ് അഷ്‌റഫ് ഹൈക്കോടതിയെ സമീപിച്ചത്.
രാഗേഷിന്റെ ദുർഭരണത്തിനും കൂറുമാറ്റത്തിനുമെതിരെയാണ് എൽ.ഡി.ഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. അവിശ്വാസ പ്രമേയം ചർച്ചചെയ്യുന്ന യോഗത്തിൽ പങ്കെടുക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് ഭീഷണി. യു.ഡി.എഫ് പാർലമെന്ററി പാർടി നേതാവ് അഡ്വ. ടി.ഒ. മോഹനനും ഭീഷണി മുഴക്കുന്നുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.ഹർജി പരിഗണിച്ച കോടതി, പ്രശ്‌നങ്ങളൊന്നുമില്ലാതെ യോഗം നടത്താനും ഹർജിക്കാരനും മറ്റു കൗൺസിലർമാർക്കും പങ്കെടുക്കാനും ആവശ്യമായ സുരക്ഷാനടപടികൾ സ്വീകരിക്കണമെന്ന് പൊലീസിന് നിർദേശം നൽകി.