കൈയേറിയത് 1.09 ഏക്കർ സർക്കാർ ഭൂമി
നടപടി സി.പി.എം നേതാക്കളുടെ പരാതിയിൽ
കാസർകോട്: ബദിയടുക്ക മാന്യയിൽ1.09 ഏക്കർ സർക്കാർ ഭൂമി കൈയേറി കേരള ക്രിക്കറ്റ് അസോസിയേഷൻ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിച്ചതുമായി ബന്ധപ്പെട്ട് ഗുരുതരവീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ഡോ. സജിത് ബാബു ഉത്തരവിട്ടു. സി.പി.എം മധൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ രവീന്ദ്രൻ, സി.പി.എം കാസർകോട് ഏരിയ സെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ എന്നിവർ നൽകിയ പരാതിയിലാണ് നടപടി.
നിയമ വിരുദ്ധമായി രേഖകളുണ്ടാക്കി സർക്കാറിന്റെ പൊതുസ്ഥലം കൈയേറിയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം നിർമ്മിക്കുന്നതെന്നും സ്റ്റേഡിയം നിർമ്മാണം നിർത്തിവയ്ക്കണമെന്നും സർക്കാർ ഭൂമി ക്രയവിക്രയം നടത്തുന്നതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും ഭൂമി വാങ്ങൽ വിൽക്കൽ നടത്തിയവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു പരാതി.
റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലും അന്വേഷണത്തിലുമാണ് ഭൂമി വിൽപനയിലും പോക്കുവരവ് നടത്തിയതിലും നിയമാനുസൃതം പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും നിയമലംഘനം നടത്തി ഭൂമി കൈയേറിയതിനു പുറമേ പ്രസ്തുത ഭൂമിയിലെ നീരൊഴുക്ക് തടസ്സപ്പെടുത്തി ഗതിമാറ്റി വിടുകയും ചെയ്തതായി കണ്ടെത്തിയത്. വിവിധ സർവ്വെ നമ്പറുകളിൽ ഉൾപ്പെട്ട 8.26 ഏക്കർ ഭൂമിയാണ് കേരള ക്രിക്കറ്റ് അസോസിയേഷനു വേണ്ടി ടി.എൻ. അനന്തനാരായണൻ എന്നയാൾ 2013 ഒക്ടോബർ 18ന് വാങ്ങിയത്.
നടപടി നേരിടുന്നവർ
ഭൂസംബന്ധമായ നിലവിലുള്ള എല്ലാ നിയമങ്ങളും ലംഘിച്ചതിന് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ 2009 ലെ പരിഷ്‌കരിച്ച കേരള ഭൂസംരക്ഷണ നിയമമനുസരിച്ച് നടപടി സ്വീകരിക്കുന്നതിന് കാസർകോട് തഹസിൽദാറെയും 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് കൈയേറ്റത്തിനും അനുമതിയില്ലാതെ ഭൂമി നികത്തിയതിനും തരം മാറ്റിയതിനും കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടപടി സ്വീകരിക്കാൻ ബദിയടുക്ക ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെയും ജില്ലാ കളക്ടർ ചുമതലപ്പെടുത്തി. നിയമ ലംഘനം നടത്തിയ വില്ലേജ് ഓഫീസർക്കെതിരെ നടപടി സ്വീകരിക്കാൻ എ.ഡി.എമ്മിനെയും അനധികൃത ക്രിക്കറ്റ് സ്റ്റേഡിയ നിർമ്മാണം തടയുന്നതിൽ വീഴ്ച വരുത്തിയ ബദിയടുക്ക ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.