മൂന്നുതവണ അടച്ചിട്ടും കുഴിക്ക് ശാപമോക്ഷമായില്ല
നീലേശ്വരം: പൊതുമരാമത്ത് അധികൃതരുടെ തലതിരിഞ്ഞ നടപടിയിൽ ദുരിതം പേറുന്നത് ദേശീയപാതയിലെ വാഹന യാത്രക്കാർ. നീലേശ്വരം പാലത്തിന്റെ കാലപ്പഴക്കത്താൽ രൂപപ്പെട്ട കുഴി മൂലം മാസങ്ങളായി അനുഭവിക്കുന്ന ഗതാഗത തടസ്സം തുടരുകയാണ്.
നിരന്തരമുള്ള മുറവിളിക്ക് ശേഷം കഴിഞ്ഞ മേയ് അവസാനം പൊതുമരാമത്ത് അധികൃതർ മെറ്റലും മറ്റുമിട്ട് കുഴിയടച്ചെങ്കിലും കനത്തമഴയിൽ അവ ഒലിച്ചുപോവുകയായിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സമീപ പ്രദേശത്തെ ഓട്ടോ ടാക്‌സി ഡ്രൈവർ കുഴി അടച്ചെങ്കിലും അതും മഴയിൽ തകർന്നു. നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രതിഷേധം വർദ്ധിച്ചതോടെ ഇക്കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.കെ.സുധാകരന്റെ നേതൃത്വത്തിൽ പൊലീസ് തന്നെ രംഗത്തിറങ്ങി കുഴിയിൽ മെറ്റൽപൊടിയും മറ്റും നിറച്ച് താൽക്കാലിക പരിഹാരമുണ്ടാക്കിയെങ്കിലും കനത്ത മഴയിൽ അതെല്ലാം ഒഴുകി ഇപ്പോൾ വലിയ കുഴി പ്രത്യക്ഷപ്പെട്ടിരിക്കയാണ്.
ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ മണിക്കൂറുകളോളം പാലത്തിൽ കുടുങ്ങിയാണ് ഇപ്പോൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.