konkan-railway

കാസർകോട്: മണ്ണിടിച്ചലിനെ തുടർന്ന് 10 ദിവസമായി അടച്ചിട്ടിരുന്ന കൊങ്കൺപാതയിലൂടെ ട്രെയിനുകൾ ഓടിത്തുടങ്ങി. മംഗളൂരു കുലശേഖരയിൽ 400 മീറ്റർ നീളത്തിൽ നിർമ്മിച്ച പുതിയ പാത സുരക്ഷാ പരിശോധന നടത്തി തുറന്നു കൊടുത്തു. ഇന്നലെ വൈകിട്ട് 4.20 ന് നിസാമുദ്ദീൻ - എറണാകുളം മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസ് പാതയിലൂടെ ഓടുന്ന ആദ്യവണ്ടിയായി.

മംഗളയ്ക്കു പിന്നാലെ പാസഞ്ചർ തീവണ്ടിയും ലോഡ് നിറച്ച ഗുഡ്‌സ് ട്രെയിനും കടന്നുപോയി. തുടർന്ന് മുംബയ്- കുർള നേത്രാവതിയും എറണാകുളം - നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസും കൊങ്കൺ പാതയിലൂടെ കടന്നുപോയി. ഇന്നു മുതൽ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലായേക്കും.

പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ പ്രതാപ് സിംഗ് ഷമി, സീനിയർ ഡിവിഷണൽ എൻജിനിയർ എച്ച്. അനന്തരാമൻ, ഡിവിഷണൽ എൻജിനിയർ മുഹമ്മദ് ഇസ്ലാം, സീനിയർ ഡിവിഷണൽ സിഗ്‌നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനിയർ എൻ. രാമചന്ദ്രൻ, ഡിവിഷണൽ ഓപ്പറേറ്റിംഗ് മാനേജർ പി.എൻ. അശോക് കുമാർ, സീനിയർ കമേഴ്‌സ്യൽ മാനേജർ ജെറിൻ വി. ആനന്ദ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ പാത നിർമ്മിച്ച് സർവീസ് പുനഃരാരംഭിച്ചത്.

പാലക്കാട് റെയിൽവേ ഡിവിഷനിൽ വരുന്ന പടീൽ കുലശേഖര സ്റ്റേഷന് സമീപം ആഗസ്റ്റ് 22 ന് പുലർച്ചെയാണ് മണ്ണിടിഞ്ഞു വീണത്. 300 മീറ്റർ നീളത്തിലുള്ള മൂന്ന് കുന്നുകൾ തുടർച്ചയായി പാതയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണുനീക്കുന്നതിനിടയിൽ വീണ്ടും കുന്നുകൾ ഇടിഞ്ഞുകൊണ്ടിരുന്നതിനാലാണ് മണ്ണിനടിയിലായ പാത പൂർണമായും ഉപേക്ഷിച്ച് 400 മീറ്റർ നീളത്തിൽ പുതിയ പാത നിർമ്മിച്ചത്.