കടലുണ്ടി : കടലുണ്ടിയിൽ ചെള്ളു പനി ബാധിച്ച് മരിച്ചയാളുടെ വീടും പരിസരവും ആരോഗ്യപ്രവർത്തകർ സന്ദർശിച്ചു . കോട്ടക്കുന്ന് പാലേക്കാട്ടിൽ മലയിൽ അപ്പുട്ടിയാണ് (65) ജൂലായ് 29 ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. മരണ കാരണംചെള്ളു പനിയാണെന്ന് സ്ഥിരീകരിച്ചതോടെ വ്യാഴാഴ്ച രാവിലെ മുതൽ കോട്ടക്കുന്നിന്റെ പരിസര പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഊർജ്ജിത പരിശോധനയും പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചു.
പനിക്കു കാരണമായ വൈറസ് എവിടെ നിന്നാണ് ബാധിച്ചതെന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്. അപ്പുട്ടി ജൂലൈ 17ന് ആണ് പനി ബാധിച്ച് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. രോഗം കൂടിയപ്പോൾകോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പനി ബാധിക്കുന്ന 17 നു മുമ്പ് രണ്ടാഴ്ചക്കാലം ഇയാൾ യൂണിവേഴ്സിറ്റിക്കു സമീപം സഹോദരന്റെ വീട്ടിലായിരുന്നു.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കടലുണ്ടിയിലെ 12-ാം വാർഡിൽ കോട്ടക്കുന്നിന്റെ പരിസര പ്രദേശത്ത് പരിശോധനയും ആരോഗ്യ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും നടത്തി. പൊതുജനങ്ങൾക്കു വേണ്ടി നടത്തിയ ബോധവൽക്കരണ ക്ലാസ്സിൽ 70 ഓളം ആളുകൾ പങ്കെടുത്തു.ജില്ലാ മലേറിയ ഓഫീസർ ഡോ: ഷിനി, എപ്പിഡമോളജിസ്റ്റ് സി. നിലീന, മെഡിക്കൽ ഓഫീസർ പി സി അനിൽ കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജാ നോബിൾ എന്നിവർ ക്ലാസ്സെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പിലാക്കാട്ട് ഷൺമുഖൻ അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ മാമ്പയിൽ ഹെബീഷ്,എച് ഐ . മാരായ റോമൻ എഡ്വിൻ, ബിന്ദു, സ്വപ്ന, സി വി സി യൂണിറ്റിലെ ബാലകൃഷ്ണൻ, മുഹമ്മദ് ഹാഷിം, ശ്രീനിവാസൻ, ആശാ പ്രവർത്തകരായ കെ. ശാലിനി, വി.ബിന്ദു എന്നിവർ വാർഡിൽ നടന്ന രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.