കോഴിക്കോട്: കോൺഗ്രസിന്റെ ഘടകകക്ഷിയായാണ് എസ്.ഡി.പി.ഐ പ്രവർത്തിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ - കോൺഗ്രസ് കൂട്ടുകെട്ട് ജനം കണ്ടതാണ്. എൽ.ഡി.എഫ് എസ്.ഡി.പി.ഐക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ യു.ഡി.എഫ് വന്നപ്പോൾ പിൻവലിക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോൾ മുല്ലപ്പള്ളി പോപ്പുലർ ഫ്രണ്ടിനെ അങ്ങേയറ്റം തുണച്ചു. അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവത്തിലുൾപ്പെടെ എൻ.ഐ.എ അന്വേഷിച്ച കേസുകളിൽ എസ്.ഡി.പി.ഐക്ക് കോൺഗ്രസിന്റെ സഹായം ലഭിച്ചു. പ്രോട്ടോക്കോൾ പരിരക്ഷ ഉറപ്പാക്കാനാണ് എ. സമ്പത്തിനെ കാബിനറ്റ് പദവിയോടെ ഡൽഹിയിൽ പ്രത്യേക പ്രതിനിധിയായി നിയമിച്ചതെന്ന് റഹീം പറഞ്ഞു. കെ. പ്രേംകുമാർ, ഗ്രീഷ്മ, അജയ്ഘോഷ്, ജെയ്‌ക് സി. തോമസ്, പി. നിഖിൽ, വി. വസീഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.