super-marcket

കോഴിക്കോട്:നഗരത്തിലെ ഫോക്കസ് ഹൈപ്പർ മാർക്കറ്റിൽ നിന്ന് സാധനം വാങ്ങുന്നതിനിടയിൽ ഗോരഖ്‌പൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി പ്രൊഫസർക്ക് വന്ന മൊബൈൽ ഫോൺ വിളി വരുത്തിവച്ചത് മാനഹാനിയും ധനനഷ്ടവും. പ്രൊഫസർ പ്രശാന്ത് ഗുപ്ത ഒരു പ്രൊജക്ട് വർക്കിന്റെ ഭാഗമായി കോഴിക്കോട് എൻ.ഐ.ടിയിൽ എത്തിയതായിരുന്നു.വാടകയ്ക്ക് വീട് എടുത്ത് താമസിക്കുന്ന പ്രശാന്ത് ഗുപ്ത സാധനങ്ങൾ വാങ്ങാനാണ് ഫോക്കസ് ഹൈപ്പർ മാർക്കറ്റിൽ എത്തിയത്. ഇതിനിടയിലാണ് ഒരു ഫോൺ വന്നത്.ഫോൺ വ്യക്തമല്ലാത്തത്കൊണ്ട് സാധനങ്ങൾ എടുക്കുന്നത് നിറുത്തി സംസാരിച്ച് കൊണ്ട് പുറത്തിറങ്ങി.ഇതിനിടയിൽ അറിയാതെ ഒരെണ്ണം കയ്യിലകപ്പെട്ടു.

പുറത്തിറങ്ങിയ പ്രൊഫസറെ ജീവനക്കാർ വളഞ്ഞു. ഹൈപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു വളഞ്ഞ് വയ്ക്കലും അസഭ്യം പറയലും. താൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി പ്രൊഫസറാണെന്ന് പറഞ്ഞെങ്കിലും അവർ പിന്മാറിയില്ല. പ്രൊഫസറുടെ മൊബൈൽ, 7500രൂപ, എ.ടി.എം കാർഡ്, വിലകൂടിയ വാച്ച് എന്നിവ ബലം പ്രയോഗിച്ച് കൈക്കലാക്കി.ഇതോടൊപ്പം തന്നെ എ.ടി.എം കാർഡ് ഉപയോഗിച്ച് ഫോക്കസ് ഹൈപ്പർ മാർക്കറ്റിലെ സ്വൈപിംഗ് മെഷിനിലൂടെ പല തവണയായി ഒരു ലക്ഷം രൂപ പിൻവലിപ്പിക്കുകയും ചെയ്തു.പൊലീസിൽ പരാതിപ്പെട്ടാൽ ഹൈപ്പർ മാർക്കിറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന ഫോട്ടോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് അപമാനിക്കുമെന്നും ഭാര്യയെ വിളിച്ച് പ്രൊഫസർ സാധനങ്ങൾ മോഷ്ടിച്ചുവെന്ന് പറയുകയും ചെയ്യുമെന്ന മുന്നറിയിപ്പും നൽകി.ഇത്കാരണം സംഭവം അദ്ദേഹം ആരോടും പറഞ്ഞില്ല.

ഇതിനിടയിൽ സ്ഥാപനത്തിന്റെ ഹെഡ് ഓഫീസിലെ മാനേജർ വിളിച്ച് രണ്ടര ലക്ഷം രൂപയുമായി സിവിൽസ്റ്റേഷനടുത്ത ഹെഡ് ഓഫീസിൽ വ്യാഴാഴ്ച രാവിലെ എത്താൻ പറഞ്ഞു.ഇതോടെ പ്രൊഫസർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതി ലഭിച്ചതോടെ കസബ പൊലീസ് ഹൈപ്പർ മാർക്കറ്റിൽ എത്തി അന്വേഷണം നടത്തി.അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് തെളിഞ്ഞു.തുടർന്ന് ജീവനക്കാരായ നാല് പേരെ അറസ്റ്റ് ചെയ്യുകയും പണം തട്ടിയെടുത്ത സ്വൈപിംഗ് മെഷിൻ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഗുരുവായൂരപ്പൻ കോളേജ് സ്വദേശി മേലെ പെരിങ്ങാട്ട് വീട്ടിൽ സി.പി രാജേഷ് (39 ), നോർത്ത് ബേപ്പൂർ നടുവട്ടം സ്വദേശി ഹർഷിന മൻസിലിൽ പി മുഹമ്മദ് അസറുദ്ദീൻ (34 ),മലപ്പുറം പാണ്ടിക്കാട് കൊളപ്പറമ്പ് പെർക്കുത്ത് വീട്ടിൽ പി. ആഷിക് (26 ),എരഞ്ഞിക്കൽ അമ്പലപ്പടി സഫ ഫ്ളാറ്റിലെ താമസക്കാരൻ കെ നിവേദ് (20 ) എന്നിവരാണ് അറസ്റ്റിലായത്.രണ്ടര ലക്ഷം രൂപയുമായി ഹെഡ് ഓഫീസിൽ എത്താൻ പറഞ്ഞ മാനേജർ ഒളിവിലാണ്.