coconut-tree

കുറ്റ്യാടി: ഒരു തേങ്ങയ്ക്ക് 70 രൂപ! അതേ, കേരളത്തിൽത്തന്നെയാണ് ഇൗ മോഹവില. മികച്ച തെങ്ങുകളുടെ ആസ്ഥാനമായ കുറ്റ്യാടിയിലെ കർഷകർക്കാണ് ഇൗ വില ലഭിക്കുന്നത്. എന്നാൽ അത്ര എളുപ്പമല്ല ഇൗ വില കിട്ടാൻ. വിത്തു തേങ്ങയ്ക്ക് മാത്രമേ ഇൗ വില കിട്ടൂ. അതിനാണെങ്കിൽ ചില നിബന്ധനകളുമുണ്ട്. കഴിഞ്ഞ വർഷം ഒരു തേങ്ങയ്ക്ക് നാൽപത് രൂപയാണ് ലഭിച്ചിരുന്നത്. ഈ വർഷം മുതലാണ് എഴുപത് രൂപയാക്കി വില പുതുക്കി നിശ്ചയിച്ചത്.

വിത്തുതേങ്ങ തെരഞ്ഞെടുക്കുമ്പോൾ കൃത്യമായും ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.എല്ലായി‌ടത്തെയും തേങ്ങ വിത്തുതേങ്ങയ്ക്ക് യോജിച്ചതല്ല. ഈ സാഹചര്യത്തിലാണ് കുറ്റ്യാടി തേങ്ങയുടെ പ്രസക്തി ഏറുന്നത്.ഏഷ്യയിൽ തന്നെ ഗുണമേന്മ ഏറെയുള്ളതും വലിപ്പുപ്പവുമുള്ളതും കുറ്റ്യാടി പരിസരങ്ങളിലെ തേങ്ങയാണ്.അത് കൊണ്ടാണ് വിത്ത് തേങ്ങകൾ ഈ പ്രദേശത്ത് നിന്ന് തിരഞ്ഞെടുക്കുന്നത്.

seed

ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലങ്ങളിലാണ് സംഭരണം.കുറ്റ്യാടി, മരുതോങ്കര, കാവിലുംപാറ, കായക്കൊടി പഞ്ചായത്തുകളിലെ നാളികേരമാണ് തിരഞ്ഞെടുക്കാറുള്ളത്. മാതൃവൃക്ഷം (അമ്മതെങ്ങ്) തെരഞ്ഞെടുക്കല്‍ തെങ്ങിന്റെ ഉല്‍പാദനം, തേങ്ങയുടെ വലിപ്പം, ആകൃതി, കൊപ്രയുടെ അളവ്, തെങ്ങിന്റെ വയസ്സ് മുതലായ ഘടകങ്ങളില്‍ നല്ല പ്രകടനം കാഴ്ചവെക്കുന്ന തെങ്ങുകളെയാണ് അമ്മത്തെങ്ങായി തെരഞ്ഞെടുക്കേണ്ടത്.

ഇത്തരം നിബന്ധനകൾ എല്ലാം ഒത്തു വരുന്ന തെങ്ങിന് കൃഷി വകുപ്പ് അധികാരികൾ നാളികേര തോട്ടങ്ങളിൽ എത്തി നമ്പർ നൽകും. ഉദ്യോഗസ്ഥൻമാരുടെ നീരീക്ഷണത്തിലാണ് വിത്തു തേങ്ങ സംരക്ഷണത്തിനുള്ള നടത്തുക. ഉയർന്ന കൂലിയും അതിനനുസരിച്ചുള്ള വളപ്രയോഗങ്ങളും വേണ്ടി വരും. 70രൂപ കിട്ടിയാലും വലിയ ലാഭം ഉണ്ടാകാറില്ല .

# മാതൃവൃക്ഷങ്ങള്‍ക്ക് വേണ്ട ഗുണങ്ങൾ

1 വർഷം 80 തേങ്ങയെങ്കിലുമുള്ള തെങ്ങ്

2 30ൽ കുറയാത്ത ഓലകൾ വേണം

3 പന്ത്രണ്ട് കുലയെങ്കിലും വേണം.

4 പ്രായം ഇരുപതിനും അൻപതിനും ഇടയിൽ

5 തൊഴുത്ത്, കമ്പോസ്റ്റ് ഇവയുടെ സമീപത്താവരുത്.

6 തേങ്ങയൊന്നിന് നൂറ്റമ്പത് ഗ്രാം കൊപ്ര വേണം.

7 പൊതിച്ച തേങ്ങ അറുന്നൂറ് ഗ്രാമെങ്കിലും വേണം.

8 പന്ത്രണ്ട് മാസം മൂപ്പെത്തിയ തേങ്ങയാവണം

"നാളികേരത്തിന്റെ വിലയിടിവും, കർഷകരുടെ ഭീമമായ ഉൽപാദന ചെലവും ഒരളവിൽ പരിഹരിക്കാൻ ശാസ്ത്രീയമായി വിത്തു തേങ്ങ സംഭരിക്കാൻ സർക്കാർ തയ്യാറാവണം"

- കോരങ്കോട്ട് മൊയ്തു,

കർഷക സംഘടന പ്രതിനിധി