കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറി ഏറ്റെടുക്കുന്ന കാര്യത്തിൽ വ്യവസായ മന്ത്രി നിഷേധാത്മക സമീപനം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ജെ ഉദയഭാനു അഭ്യർത്ഥിച്ചു.
'രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച കോംട്രസ്റ്റ് ബില്‍ വെള്ളം ചേര്‍ക്കാതെ നടപ്പിലാക്കുക' എന്ന മുദ്രാവാക്യവുമായി എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് ഭൂമി സ്വന്തമാക്കാന്‍ സർക്കാർ കൂട്ടുനില്‍ക്കരുതെന്ന് സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.കെ. രാജന്‍ പറഞ്ഞു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ യോജിച്ച നിലപാടെടുക്കുമ്പോള്‍ ഭരണഘടനാനുസൃതമായി പാസാക്കിയ നിയമം നടപ്പിലാക്കാന്‍ ഒരുമിച്ച് നില്‍ക്കാത്തത് ശരിയല്ല.
മാനേജ്‌മെന്റില്‍ പിന്‍വാതിലിലൂടെ കടന്നുകയറിയ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി പ്രതിനിധികളാണ് കമ്പനിയെ നഷ്ടത്തിലാക്കിയതെന്ന് എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റും കോംട്രസ്റ്റ് സമരസമിതി കണ്‍വീനറുമായ ഇ.സി. സതീശന്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച സഹായധനം ഇരന്നുവാങ്ങിയതാണെന്ന നിലപാടിലാണ് മന്ത്രി ഇ.പി. ജയരാജൻ. അവകാശപ്പെട്ട സഹായധനം മന്ത്രി ജയരാജന്റെ തറവാട്ടില്‍ നിന്നല്ല നല്‍കുന്നതെന്നും സതീശന്‍ പറഞ്ഞു.
എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനപ്രകാരമാണ് കോംട്രസ്റ്റ് ഏറ്റെടുക്കാനുള്ള ഓര്‍ഡിനന്‍സ് എളമരം കരീം തയ്യാറാക്കിയതെന്ന ഓര്‍മ്മ വേണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി പങ്കജാക്ഷന്‍ ചൂണ്ടിക്കാട്ടി. ഈ സമരം സംസ്ഥാന നേതൃത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം
വ്യക്തമാക്കി.
എ.ഐ.ടി.യു.സി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. മല്ലികയും പ്രസംഗിച്ചു. മാർച്ചിന് പി.കെ. നസീര്‍, എം.കെ. ചന്ദ്രന്‍, പി. ശിവപ്രസാദ്, സുന്ദരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.