img201908
ആക്രമണത്തിനിരയായ യുവതി ഓടിക്കയറിയ വീട്ടിൽ രക്തം തളം കെട്ടിയ നിലയിൽ

മുക്കം: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ മുൻ ഭ‌ർത്താവ് വെട്ടിപ്പരിക്കേല്പിച്ച ശേഷം ദേഹം ആസിഡ് ഒഴിച്ച് പൊള്ളിച്ചു. പെരിങ്ങമ്പുറത്ത് ബാലകൃഷ്ണന്റെയും സൗദാമിനിയുടെയും മകൾ സ്വപ്‌നയാണ് (30) ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ സ്വപ്‌നയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം ഓടിമറഞ്ഞ മാവൂർ തെങ്ങിലക്കടവ് സ്വദേശി സുഭാഷിനായി മുക്കം പൊലീസ് തിരച്ചിൽ തുടരുന്നു. സുഭാഷിൽ നിന്ന് കഴിഞ്ഞ ജനുവരിയിലാണ് യുവതി വിവാഹമോചനം നേടിയത്.

ആനയാംകുന്ന് പാർത്ഥസാരഥി ക്ഷേത്രത്തിനു സമീപം,​ സ്വ‌പ്നയുടെ വീടിനടുത്ത് ആളൊഴിഞ്ഞ റോഡിൽ ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം. മുക്കത്തെ സ്വകാര്യ ക്ലിനിക്കിൽ ജീവനക്കാരിയായ സ്വ‌പ്‌ന വീട്ടിലേക്കു മടങ്ങവെ വഴിയോരത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന സുഭാഷ് ചാടിവീണ് ആക്രമിക്കുകയായിരുന്നു. സ്ഥലത്തു നിന്ന് ഒഴിഞ്ഞ ആസിഡ് പാത്രവും കത്തിയും കണ്ടെടുത്തു. വെട്ടേറ്റ് ദേഹമാകെ രക്തമൊലിക്കുന്ന നിലയിൽ നിലവിളിച്ചുകൊണ്ട് തൊട്ടടുത്ത് കുറിയെടത്ത് രാജീവിന്റെ വീട്ടിലേക്ക് ഓടിക്കയറിയാണ് സ്വ‌പ്‌ന രക്ഷപ്പെട്ടത്.

നാട്ടുകാർ യുവതിയെ ആദ്യം മുക്കത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. യുവതി ഓടിക്കയറിയ വീട്ടിൽ രക്തം തളംകെട്ടിക്കിടപ്പുണ്ട്. സുഭാഷുമായുള്ള ദാമ്പത്യത്തിൽ സ്വപ്‌നയ്‌ക്ക് ഒരു മകനുണ്ട്.