പയ്യോളി: ദേശീയ പാതയിൽ പെരുമാൾപുരത്തു നിയന്ത്രണം വിട്ട കാർ ഇടിച്ച് യുവാവ് മരിച്ചു. പെരുമാൾപുരം തണ്ടോറ വടക്കയിൽ ഇ.സി. രാജേഷ് (32) ആണ് മരിച്ചത്. ഇദ്ദേഹം ഓട്ടോ ഡ്രൈവറാണ്. പ്രിയദർശിനി ബസ് സ്റ്റോപ്പിന് സമീപം ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരക്കായിരുന്നു അപകടം. വടകര ഭാഗത്ത് നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്ന് വന്ന ആൾട്ടോ കാറിനും ബസ് സ്റ്റോപ്പിനും രാജേഷിന്റെ നിറുത്തിയിട്ട ഓട്ടോക്കും ഇടിക്കുകയായിരുന്നു. സുഹൃത്തുമൊന്നിച്ചു സംസാരിച്ചു നില്ക്കുന്നതിടയിലായിരുന്നു അപകടം.
രാജേഷിന്റെ വിവാഹചടങ്ങുകളുടെ ഭാഗമായി വീടുകാണാൻ എത്തുന്ന വധുവിന്റെ ബന്ധുക്കളെ കാത്തു നിൽക്കുകയായിരുന്നു രാജേഷ്. ബന്ധുവായ കണ്ണൂർ സ്വദേശി സുജിത്തിനെയും പരിക്കേറ്റ രാജേഷിനെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജേഷിനെ രക്ഷിക്കാനായില്ല.സുജിത് ചികിത്സയിലാണ്. ലീലയാണ് അമ്മ. സഹോദരൻ ഹരീഷ്.
വടകര ഭാഗത്ത് നിന്ന് വന്ന റെജിസ്റ്റർ ചെയ്യാത്ത വോക്സ് വാഗണ്‍ പോളോ കാറാണ് നിയന്ത്രണം വിട്ട് അപകടമുണ്ടാക്കിയത്. പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന പുറക്കാട് സ്വദേശി സഞ്ചരിച്ച ആൾട്ടോ കാറിന്റെ ഇടത് വശത്ത് കൂടിയാണ് നിയന്ത്രണം വിട്ട കാർ സഞ്ചരിച്ചത് . ബസ്സ്റ്റോപ്പിൽ ഇരിക്കുന്നവരെയും ബൈക്ക് യാത്രക്കാരെയും ഇടിച്ച ശേഷമാണ് രാജേഷിനെ ഇടിച്ചതെന്ന് പറയുന്നു.