fish

കോഴിക്കോട്: മത്തി പഴയപോലെ കിട്ടാനില്ലെന്നു പതിവായി കേട്ടുവരുന്നതാണ്. വരവ് നന്നേ കുറയുമ്പോൾ നിരക്ക് പൊന്നുംവിലയായി മാറാറുമുണ്ട്.

സാധാരണക്കാരുടെ ഈ ഇഷ്ടമീൻ സംസ്ഥാനത്തിന്റെ തീരങ്ങളിൽ വല്ലാതെ കുറയുന്നതിന്റെ കാരണങ്ങൾ തേടി രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകർ ഇന്ന് കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിൽ ഒത്തുകൂടുകയാണ്. മത്തിയുടെ പ്രജനനത്തെയുൾപ്പെടെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങൾ തിരിച്ചറിഞ്ഞ് കരുതൽനടപടികളിലേക്ക് നീങ്ങുന്നതിനെക്കുറിച്ചും കാര്യമായ ആലോചനയുണ്ടാവും. കാലാവസ്ഥാവ്യതിയാനം, സമുദ്രപ്രതിഭാസം, മത്തിയുടെ ജൈവശാസ്ത്രം എന്നിവയിലാണ് ചർച്ചകൾ നടക്കുക.

മത്തിയുടെ ലഭ്യതയെ മുഖ്യമായി സ്വാധീനിക്കുന്നത് എൽ നിനോ - ലാ നിന പ്രതിഭാസമാണെന്ന് സമുദ്രമത്സ്യ ഗവേഷണകേന്ദ്രം അടുത്തിടെ കണ്ടെത്തിയിരുന്നു. ശാന്തസമുദ്രത്തിന്റെ ഉപരിതല താപനില ഉയരുന്നതാണ് എൽ നിനോ പ്രതിഭാസം. ഇതിന്റെ വിപരീത അവസ്ഥ ലാ നിനയും.

ശാന്തസമുദ്രത്തിലെ മാറ്റങ്ങൾ ലോക കാലാവസ്ഥയിൽ തന്നെ മാറ്റമുണ്ടാക്കുമെന്നിരിക്കെ, ഈ വർഷം മത്തിയുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന നിഗമനത്തിലെത്തുകയായിരുന്നു സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം. ഇപ്പോൾ തുടരുന്ന മത്തിക്ഷാമം പ്രാഥമിക നിഗമനങ്ങൾ ശരിവെക്കുന്നതാണെങ്കിലും കടലിലെ സൂക്ഷ്മപാരിസ്ഥിതിക ഘടകങ്ങൾ ഏതൊക്കെ രീതിയിൽ മത്തിയെ ബാധിക്കുന്നുവെന്ന് വ്യക്തമായി കണ്ടെത്താനാണ് ശ്രമം. സംയുക്തപഠനങ്ങളുടെ സാദ്ധ്യത കൂടി ആരാഞ്ഞാണ് മറ്റു പ്രമുഖസ്ഥാപനങ്ങളിലെ ഗവേഷകരുമായും ഒത്തുചേർന്നുള്ള ചർച്ച.

മത്തിയുടെ കുറവ് ഏതൊക്കെ രീതിയിൽ മത്സ്യത്തൊഴിലാളികളുടെ സാമൂഹിക - സാമ്പത്തിക നിലവാരത്തെ ബാധിക്കുമെന്നതും പഠനവിധേയമാക്കും. സുസ്ഥിരമായ രീതിയിൽ മത്തിയുടെ ലഭ്യത നിലനിർത്തുന്നതിനുള്ള മത്സ്യബന്ധനനരീതികൾ വികസിപ്പിക്കൽ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം എന്നിവയും ചർച്ചാവിഷയമാകും.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിലേതിനു പുറമെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യനോഗ്രാഫി, ഹൈദരാബാദിലെ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവിസസ് (ഇൻകോയ്സ്), ഐ.എസ്.ആർ.ഒ യുടെ കീഴിലുള്ള സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ, പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്ററോളജി, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എന്നീ സ്ഥാപനങ്ങളിലെ ശാസ്‌ത്രജ്ഞരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.