indian-flag

കോഴിക്കോട്: 370 വകുപ്പ് നീക്കം ചെയ്ത വാർത്തയറിഞ്ഞ കോരിത്തരിപ്പ് വിട്ട് മാറാത്ത ആവേശത്തിലാണ് ടി സുകുമാരൻ. 60 വർഷങ്ങൾക്ക് മുമ്പ് 'ഏക് രാജ്യമെ ദോ വിധാൻ ദോ പ്രധാൻ ദോ നിഷാൻ നഹി ചലേഗ' എന്ന ശ്യാം ബാബുവിന്റെ ആഹ്വാനം കേട്ട് കോഴിക്കോട് നിന്ന് കാശ്മീരിലേക്ക് മാർച്ച് നടത്തിയ സംഘത്തിൽപ്പെട്ട ആളാണ് ബീച്ച് റോഡിലെ തിരുമുഖം വീട്ടിൽ സുകുമാരൻ

1953 മേയ് 11ന് ദില്ലിയിലെത്താനായിരുന്നു അന്നത്തെ ജനസംഘം പ്രവർത്തകരോട് സംസ്ഥാന നേതാവായിരുന്ന ടി.എൻ. ഭരതൻ അറിയിച്ചത്. അന്നത്തെ ജനസംഘം ദേശീയ നേതാക്കളായ വാജ്‌പേയിയും ശ്യാമപ്രസാദ് മുഖർജിയുമാണ് കാശ്മീരിൽ കടക്കാൻ ഇന്ത്യൻ പൗരന് അനുമതി വേണമെന്ന 370 ാം വകുപ്പിനെതിരെ മാർച്ച് നടത്താൻ തീരുമാനിച്ചത്.

കാശ്മീരിന് പ്രത്യേക പതാക, പാർലമെന്റ്, പ്രധാനമന്ത്രി എന്നിവയ്‌ക്കെതിരെയുള്ള ഹിന്ദി മുദ്രാവാക്യമാണ് അന്ന് ഇന്ത്യയിൽ അലയടിച്ചത്. കേരളത്തിൽ നിന്ന് ദില്ലിയിലെത്തിയവരിൽ ഇന്ന് ടി.സുകുമാരൻ ജീവിക്കുന്ന കഥാപാത്രമാണ്. ശ്യാമപ്രസാദ് മുഖർജിയെ അന്നത്തെ കാശ്മീരിലെ പ്രധാൻ തടങ്കലിലാക്കി. ജൂൺ 23 ന് മരിച്ചതായി അറിയിച്ചു. ആ ജീവത്യാഗത്തിനാണ് 370 വകുപ്പ് നീക്കിയതിലൂടെ അന്തിമ ഫലം കണ്ടതെന്ന് ഗദ്ഗദത്തോടെ സുകുമാരൻ പറഞ്ഞു.

അടൽജിയും മാർച്ചിലുണ്ടായിരുന്നു. നെഹ്രു മന്ത്രിസഭയിലെ ആദ്യവ്യവസായ മന്ത്രിയായിരുന്ന ശ്യാം ബാബു കൽക്കത്ത മേയറായിരുന്നു. ഈ യുവാവിനെ തന്നെ മന്ത്രിയാക്കണമെന്ന് ഗാന്ധിജിയാണ് നെഹ്രുവിനെ പ്രേരിപ്പിച്ചത്. എന്നാൽ 370ാം വകുപ്പിൽ പ്രതിഷേധിച്ച് അദ്ദേഹം രാജിവച്ചു. ജനസംഘത്തിന്റെ നേതൃത്വം ഏറ്റെടുത്ത് കാശ്മീരിലേക്ക് ആയിരങ്ങളെ അണിനിരത്തി മാർച്ച് നടത്തി.

''കേരളത്തിൽ നിന്ന് ഞങ്ങൾ കുറച്ച് പേരെ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളെ ദില്ലിയിൽ വച്ച് തടഞ്ഞ് നേതാക്കളെ അറസ്റ്റ് ചെയ്തു. ശ്യാം ബാബുവിനെ കാശ്മീർ ജയിലിട്ടു. ഷേക്ക് അബ്ദുള്ളയുടെ പീഡനത്തിലാണ് മരിച്ചത്. " സുകുമാരൻ അയവിറക്കി.

ശ്യാം ബാബുവിന്റെ അമ്മ അന്വേഷണത്തിന് അപേക്ഷിച്ചെങ്കിലും നെഹ്രു സമ്മതിച്ചില്ല. സുകുമാരൻ കാശ്മീരിലെ ഒരോ സംഭവവും ആവേശത്തോടെ പറയുന്നു. ഭാരത വിഭജനത്തെ ആധാരമാക്കി അദ്ദേഹം രചിച്ച രസിക്കാത്ത സത്യങ്ങൾ എന്ന നോവൽ കോഴിക്കോട് ഇന്ത്യ ബുക്‌സ് വിതരണം ചെയ്യുന്നുണ്ട്. അടിയന്തിരാവസ്ഥയെ സംബന്ധിച്ച ബലിമൃഗങ്ങൾ എന്ന നോവലും സുകുമാരൻ രചിച്ചിട്ടുണ്ട്. മകന് ശ്യാം എന്നാണ് പേരിട്ടത്. അക്കാലത്തെ ശ്യാംബാബു തരംഗത്തിൽ ഒ.രാജഗോപാലും മകന് ശ്യാമപ്രസാദ് എന്ന് പേരിട്ടു. ഗോവവിമോചന സമരത്തിൽ പങ്കെടുത്തതിന് താമ്രപത്രവും പെൻഷനും സുകുമാരന് ലഭിക്കുന്നുണ്ട്. ഇനി അഖണ്ഡ ഭാരത സ്വപ്നം സാക്ഷാത്കരിക്കണം അദ്ദേഹം പറഞ്ഞു നിറുത്തി.