കുറ്റ്യാടി: വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് മാരിൽ 50% പേരെ വില്ലേജ് അസിസ്റ്റൻറുമാരായി സ്ഥാനക്കയറ്റം നൽകണമെന്നാവശ്യപ്പെട്ട് ജനുവരി ഒന്നു മുതൽ കേരളത്തിലെ 1664 വില്ലേജ് ഓഫീസുകളിൽ വില്ലേജ് ഫീൽഡ് അസിസ്റ്റൻറുമാർ നടത്തുന്ന നിസ്സഹകരണം ഓഫീസുകളുടെ പ്രവർത്തനം താളം തെറ്റിക്കുന്നു. പൊതുജനങ്ങൾ അശ്രയിക്കുന്ന ഓഫീസ്സാണ് ഇതോടെ പ്രവർത്തനങ്ങൾ തകിടം മറിഞ്ഞ അവസ്ഥയിലെത്തിയത്. കാലം പഴക്കം ചെന്ന സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും ഇവിടെ പിന്തുടരുന്നത്. വില്ലേജ് ഓഫീസുകളിൽ ഫീൽഡ് അസിസ്റ്റൻറ്മാരുടെ രണ്ടു വീതം തസ്തിക കളാണ് നിലവിലുള്ളത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഓഫീസിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുതലായതോടെയാണ് അസിസ്റ്റന്റ്മാർ ജോലി സംരക്ഷണമാവശ്യപ്പെട്ട് നിസ്സഹകരണവുമായി രംഗത്തെത്തിയത്. ഇത് സാധാരണക്കാരെ വട്ടം കറക്കുകയാണ്. പോക്കുവരവ്, വിവിധ തരം സർട്ടിഫിക്കറ്റുകൾ എന്നിവ ഓൺ ലൈൻ വഴി ലഭിക്കുമെങ്കിലും ഓഫീസുകളിൽ നിന്നും ലഭിക്കേണ്ട തണ്ടപ്പേർ സർട്ടിഫിക്കറ്റ്, ബാങ്ക് വായ്പയ്ക്കും മറ്റുമുള്ള, സർട്ടിഫിക്കറ്റുകൾ, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്കെച്ച്, സാക്ഷിപത്രങ്ങൾ എന്നിവയ്ക്ക് ഓഫീസിലെത്തുന്നവരാണ് ഇപ്പോൾ ബുദ്ധിമുട്ടുന്നത്. ഫീൽഡ് അസിസ്റ്റൻറ് മാർ ചെയ്തു കൊണ്ടിരുന്ന ജോലികളിൽ മിക്കവയും മാന്വലിൽ പറയാത്തവയാണ്. വില്ലേജ്മാന്വൽ പ്രകാരം ഫീൽഡ് അസിസ്റ്റൻറുമാർ ഓഫീസിൽ നിന്നും പിരിച്ചെടുക്കുന്ന നികുതി പണവും മറ്റും സർക്കാർ ഖജനാവിൽ അടയ്ക്കുവാൻ വില്ലേജ് ഓഫീസറെ സഹായിക്കുക, നോട്ടിസ് നൽകൽ, വില്ലേജ് ഓഫീസർമാർ പറയുന്ന മറ്റു ജോലികളുമായിരുന്നു ചെയ്തിരുന്നത്. എന്നാൽ മാന്വലിൽ പറയാത്ത വയ്ക്ക് നിയമ പരിരക്ഷ ഇല്ലാത്തതിനാൽ ഇനി മുതൽ ഇവ ചെയ്യേണ്ട എന്നാണ് ഇവരുടെ തീരുമാനം. 1972 ക്ലാസ് 3 വിഭാഗത്തിൽപ്പെടുത്തിയ ഈ തസ്തികയുടെ കാറ്റഗറി മാറ്റിയിട്ടില്ലന്നും ഇരുപത് വർഷത്തിലേറെയായി സ്ഥാനക്കയറ്റം ലഭിക്കാത്തവരുമാണ് അസിസ്റ്റൻറുമാർ.ഇവരിന്ന് ചെയ്യുന്ന ജോലികൾക്ക് ആവശ്യമായ പരിശീലനങ്ങൾ ലഭിച്ചിട്ടുമില്ലന്ന് നിസ്സഹകരണ രംഗത്തുള്ള ജീവനക്കാർ പറയുന്നു. കെട്ടിടങ്ങൾക്കുള്ള ഒറ്റതവണ നികുതി കണക്കാക്കൽ ഉൾപ്പെടെയുള്ളവയുംം ഇതോടെ നിലച്ചിരിക്കുന്നത് കാരണം സർക്കാർ ഖജനാവിലേക്കുള്ള പണമൊഴുക്കും നിലച്ചിരിക്കുകയാണ്.