വടകര: നഗരസഭ പരിധിയില്‍ പുതിയ കോഴി സ്റ്റാള്‍ അനുവദിച്ചതിനെതിരെ പ്രതിഷേധം. മാലിന്യ സംസ്‌കരണം കീറാമുട്ടിയായതിനാല്‍ 2007 മുതല്‍ നഗരസഭ പരിധിയില്‍ പുതിയ അറവുശാലകള്‍ക്കൊന്നും ലൈസന്‍സ് നല്‍കില്ലെന്ന ഉത്തരവ് നിലനില്‍ക്കെയാണ് ചട്ടങ്ങള്‍ മറികടന്ന് കോഴി സ്റ്റാളിന് ലൈസന്‍സ് അനുവദിച്ചതെന്നാണ് പരാതി. കഴിഞ്ഞ ഏപ്രിലിലാണ് നഗരസഭയിലെ മാക്കൂല്‍ പീടികയില്‍ കോഴിസ്റ്റാള്‍ തുറന്നത്. എന്നാല്‍ സമീപവാസിയുടെ പരാതിയില്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് കട നടത്തുന്നതെന്ന് കണ്ടെത്തി അടപ്പിച്ചിരുന്നു. പിന്നീട് വീണ്ടും തുറന്നപ്പോള്‍ നഗരസഭ ഹെല്‍ത്ത് കമ്മിറ്റിയംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കുകയും സമീപത്തെ വീട്ടില്‍ നിന്നും വെറും മൂന്നു മീറ്റര്‍ മാത്രമാണ് കടക്ക് അകലമുള്ളു എന്നു കണ്ടെത്തുകയും ചെയ്തു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം കോഴിസ്റ്റാള്‍ വീണ്ടും അടപ്പിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം നഗരസഭ ചെയര്‍മാന്റെ പ്രത്യേക ഉത്തരവോടെ സ്റ്റാള്‍ തുറന്നു പ്രവര്‍ത്തിച്ചിരിക്കുകയാണ്. സമീപത്തെ വീട്ടില്‍ താമസിക്കുന്ന ഡയാലിസിസ് ചെയ്യുന്ന രോഗിയായ ഗൃഹനാഥന്റെ പരാതി നഗരസഭ സെക്രട്ടറിക്കു മുന്നിലുണ്ട്. നഗരസഭ കൗണ്‍സിലില്‍ പോലും പാസാക്കാതെ ചട്ടം മറികടന്ന് അടിയന്തിര പ്രാധാന്യത്തോടെ എന്തിനാണ് സ്റ്റാളിന് അനുമതി കൊടുത്തതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. 2007 മുതല്‍ നഗരസഭയുടെ വിവിധ സ്ഥലങ്ങളില്‍ ഇത്തരം സ്റ്റാളുകള്‍ക്കായുള്ള നൂറുകണക്കിന് അപേക്ഷകളാണ് നിരസിക്കപ്പെട്ടത്. സ്വകാര്യ താല്‍പര്യങ്ങള്‍ക്കായി നിയമം ലംഘിക്കുന്ന നടപടിക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി.