r-watherrg

കോഴിക്കോട്: പെരുമഴയിൽ കോഴിക്കോട്ട് വീണ്ടും പ്രളയം. താഴ്ന്ന പ്രദേശങ്ങളൊക്കെയും വെള്ളത്തിൽ മുങ്ങി. കണ്ണപ്പൻകുണ്ടിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം ഉരുൾപൊട്ടലുണ്ടായി. കഴിഞ്ഞ വർഷവും ഇവിടെ ഉരുൾപൊട്ടിയിരുന്നു. ആളപായമില്ലെങ്കിലും വെള്ളപ്പൊക്കം വൻനാശം വിതച്ചു.

ജലനിരപ്പ് ഉയർന്നതോടെ കക്കയം ഡാമിന്റെ ഷട്ടർ തുറന്നു. നിലമ്പൂരിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ചാലിയാറിലും ഇരുവഴിഞ്ഞിപ്പുഴയിലും ജലനിരപ്പ് ഗണ്യമായി ഉയർന്നു. ഇരുകരകളിലെയും താമസക്കാരോട് മാറി താമസിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.

ജില്ലയിൽ വിവിധ ഭാഗങ്ങളിൽ തുറന്ന 13 ക്യാമ്പുകളിലായി 160 കുടുംബങ്ങളിൽ നിന്നുള്ള 542 പേർ കഴിയുന്നുണ്ട്.

സമീപത്തെ ഹോട്ടലിന്റെ ഇരുമ്പ് തൂണ് വീണ് ചാലപ്പുറം ഗണപത് ബോയ്‌സ് ഹൈസ്കൂൾ കെട്ടിടം ഭാഗികമായി തകർന്നു. ഇന്നലെ അവധിയായതിനാൽ ദുരന്തം ഒഴിവായി. രാവിലെ പത്തര മണിയോടെയായിരുന്നു സംഭവം.

വീശിയടിച്ച കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് ഗതാഗതം മുടങ്ങി.