മുക്കം/പേരാമ്പ്ര: ഇടതടവില്ലാതെ കോരിച്ചൊരിയുന്ന പേമാരിയിൽ മലയോരപ്രദേശങ്ങൾ വിറങ്ങലിച്ച അവസ്ഥയിൽ. പലയിടങ്ങളിലായുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നുള്ള മലവെള്ളപ്പാച്ചിലിൽ നദികളെല്ലാം നിറഞ്ഞുകവിഞ്ഞു.
പുല്ലൂരാമ്പാറ ആനക്കാംപൊയിൽ മേഖലയിൽ മലമുകളിൽ നിന്നുള്ള വെള്ളപ്പാച്ചിലിൽ ഇരുവഞ്ഞി പുഴ കര കവിഞ്ഞൊഴുകുകയാണ്. വ്യാഴാഴ്ച രാവിലെ ഉയരാൻ തുടങ്ങിയ ജലനിരപ്പ് രാത്രിയായപ്പോഴേക്കും കഴിഞ്ഞ വർഷത്തെ പ്രളയകാലത്തെ അവസ്ഥയിലേക്കെത്തി. ചുഴലി കണക്കെ വീശിയടിക്കുന്ന കാറ്റിനു പുറമെ ഇടിയും മിന്നലും കൂടിയായപ്പോൾ ഭീതിജനകമായ അന്തരീക്ഷമാവുകയായിരുന്നു.
നിലമ്പൂർ വനമേഖലയിൽ നിന്നുള്ള വെള്ളപ്പാച്ചിലിൽ ചാലിയാറിലെ ജലനിരപ്പുംഉയർന്നു. മലയോരത്തെ രണ്ടു നദികളും കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. പലയിടത്തും റോഡുകളിലും വെളളം കയറിയതോടെ ഗതാഗതം മുടങ്ങി. വൈകുന്നേരത്തോടെ മുക്കം അഗസ്ത്യൻ മുഴി റോഡിൽ ക്രിസ്ത്യൻ പള്ളി പരിസരമുൾപ്പെടെ രണ്ടിടത്ത് റോഡ് വെള്ളത്തിൽ മുങ്ങി. വിവിധ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി.
തിരുവമ്പാടിയടക്കം മലയോരത്തെ അങ്ങാടികൾ പലതും വെള്ളത്തിലാണ്. മരങ്ങൾ വീണ് വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകർന്ന് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കുടിവെള്ള പദ്ധതികളുടെ കിണറുകളും പമ്പ്വും ഹൗസുകളുമെല്ലാം വെള്ളത്തിലായതോടെ ജല വിതരണവും മുടങ്ങിയിരിക്കുകയാണ്. കുടിവെള്ളവും വെളിച്ചവുമില്ലാതെ ദുരിതത്തിലാണ് മലയോരവാസികൾ.