1

കല്പറ്റ: മേപ്പാടി പുത്തുമലയിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ടവരിൽ ഒരു സ്ത്രീ തൊഴിലാളിയുടെ ജഡം കൂടി കണ്ടെടുത്തു. ഇതോടെ മൂന്നു ദിവസത്തിനുള്ളിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം പത്തായി.

പുത്തുമല എസ്റ്റേറ്റ് പാടിയിലെ താമസക്കാരി തമിഴ്നാട് സ്വദേശി റാണിയുടെ (60) ജഡമാണ് ഇന്നലെ ഉച്ചയോടെ മണ്ണിനടിയിൽ കണ്ടെത്തിയത്. കാണാതായ മറ്റു എട്ടു പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അവറാൻ (68), അബൂബക്കർ (62), റാണി (57), ഷൈല (32), അണ്ണയ്യ (56), ഗൗരിശങ്കർ (26), നെബിസ് (72), ഹംസ മുത്രത്തൊടി (62) എന്നിവരെയാണ് കണ്ടെത്താനുള്ളത്.

ഇന്നലെ മഴ അല്പം വിട്ടുനിന്നതിനാൽ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിനു വേഗം കൂടി. സേനാംഗങ്ങളടക്കം കൂടുതൽ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിഞ്ഞു. മലയിൽ നിന്നു മണ്ണും പാറക്കൂട്ടവുമെല്ലാം വന്നടിഞ്ഞ് കൂമ്പാരമായത് ജെ.സി.ബി ഉപയോഗിച്ച് നീക്കിയാണ് തെരച്ചിൽ. അയൽജില്ലകളിലെ സന്നദ്ധപ്രവർത്തകരും രംഗത്തുണ്ട്.

അതിനിടെ കളളാടി മുതൽ പുത്തുമല വരെയുളള പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയ നിരവധി വീട്ടുകാരെ ഇന്നലെ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.