m-ke-lappan
എം കെ പണിക്കോട്ടി

വടകര: സി.പി.എം മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എം. കേളപ്പൻ (92) അന്തരിച്ചു. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ വടകര സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. അറിയപ്പെടുന്ന നാടക - വടക്കൻപാട്ട് കലാകാരനും എഴുത്തുകാരനും കൂടിയായിരുന്നു അദ്ദേഹം. എം.കെ. പണിക്കോട്ടി എന്ന പേരിലാണ് എഴുതിയിരുന്നത്.

ഈയടുത്തു വരെ വടകരയിലെ രാഷ്‌ട്രീയ സാംസ്‌കാരിക സദസുകളിൽ നിറസാന്നിദ്ധ്യമായിരുന്നു കേളപ്പൻ. 11 വർഷം പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്നു. വടകര മുനിസിപ്പൽ കൗൺസിലറായി 21 വർഷം പ്രവർത്തിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതി അംഗമായിരുന്നു.

പണിക്കോട്ടി ഐക്യകേരള കലാസമിതിയുടെയും ഗ്രന്ഥാലയത്തിന്റെയും സ്ഥാപകരിലൊരാളാണ്. കലാസമിതിക്കു വേണ്ടി നിരവധി നാടകങ്ങൾ രചിച്ച അദ്ദേഹം അഭിനേതാവും സംവിധായകനുമായിരുന്നു. തച്ചോളിക്കളി, കോൽക്കളി പരിശീലകനെന്ന നിലയിലും ഖ്യാതി നേടി. എൻ.സി. ശേഖർ പുരസ്കാരം, അബുദാബി ശക്തി അവാർഡ്, ദല സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.

ആത്മകഥയായ അമൃതസ്മരണകൾക്കു പുറമെ കേരളത്തിലെ കർഷകത്തൊഴിലാളികൾ - ഇന്നലെ ഇന്ന് നാളെ, അഭയം തേടി, ഉണ്ണിയാർച്ചയുടെ ഉറുമി, വടക്കൻ വീരഗാഥകൾ, വടക്കൻ പാട്ടുകളിലെ പെൺപെരുമ, വടക്കൻപാട്ട് ഫലിതങ്ങൾ, ബ്രഹ്മരക്ഷസ്, എന്റെ നാട്, മായക്കുതിര, കുട്ടനും കൂട്ടുകാരനും, ശിവപുരം കോട്ട എന്നീ പുസ്തകങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്.

ഭാര്യ: എം. നാരായണി (ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര ഏരിയാ കമ്മിറ്റി അംഗം). മക്കൾ: വിജയലക്ഷ്മി, രാധാമണി (കെ.എസ്‌.ഇ.ബി വടകര നോർത്ത്), പത്മലോചനൻ (ദേശാഭിമാനി, കണ്ണൂർ), അജിതകുമാരി (ഡോ.മർഫീസ് ലാബ്, പേരാമ്പ്ര), അനൂപ് കുമാർ (എസ്‌.ഐ.എച്ച്‌.എം വെസ്റ്റ്ഹിൽ). മരുമക്കൾ: കെ.ശ്രീധരൻ (വടകര നഗരസഭ ചെയർമാൻ), ബീന, എം.ഇ. പവിത്രൻ (സി.പി.എം വടകര ടൗൺ ലോക്കൽ സെക്രട്ടറി), രജില, മോഹനൻ (ഗ്രാമീണ ബാങ്ക്).

സഹോദരങ്ങൾ: കുഞ്ഞിരാമൻ (റിട്ട. എസ്‌.ഐ ഒഫ്‌ പൊലീസ്). പരേതരായ മാതു, ചീരു, കല്ല്യാണി, മാണി.

മൃതദേഹം വടകര കേളു ഏട്ടൻ - പി.പി. ശങ്കരൻ മന്ദിരത്തിലും പണിക്കോട്ടി ഐക്യകേരള കലാസമിതി പരിസരത്തും പൊതുദർശനത്തിന് വച്ചിരുന്നു. സംസ്കാരം വൈകിട്ട് മലയിൽ അമ്പാടി വീട്ടുവളപ്പിൽ നടന്നു.