കല്പറ്റ: പുത്തുമലയിൽ വിശ്രമമറിയാതെ, ദിവസങ്ങളായി പ്രവർത്തിക്കുന്നവർ കുറച്ചൊന്നുമല്ല. അപ്പോഴും ഈ രണ്ടു പേരെ നമിക്കാതെ പറ്റില്ല; മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദിനെയും മാനന്തവാടി സബ് കളക്ടർ എൻ.എസ്.കെ. ഉമേഷിനെയും.
കഴിഞ്ഞ എട്ടിന് ഫേസ്ബുക്കിൽ ഒരു വീഡിയോ സന്ദേശം അയച്ചതിൽ നിന്നു തുടങ്ങുന്നു സഹദിന്റെ രക്ഷായജ്ഞം. ജില്ലാ ഭരണകൂടവും സന്നദ്ധപ്രവർത്തകരുമെല്ലാം പെട്ടെന്നു പ്രതികരിച്ചതോടെ കുറേപ്പേരെയെങ്കിലും ദുരന്തമുഖത്തു നിന്നു രക്ഷിക്കാനായി. മണ്ണിനടിയിൽ അകപ്പെട്ട ബാക്കിയുള്ളവർക്കായുള്ള തെരച്ചിലിന് നേതൃത്വം നൽകാൻ ഇപ്പോഴും സജീവമായി രംഗത്തുണ്ട്.
മേപ്പാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനിടയിലാണ് പുത്തുമലയിൽ ഉരുൾ പൊട്ടിയെന്ന വിവരമറിയിച്ചുള്ള ഫോൺ കോൾ സഹദിന് വന്നത്. മറ്റൊന്നും ആലോചിക്കാതെ സഹദും സഹപ്രവർത്തകരും പുത്തുമലയിലേക്ക് കുതിച്ചു. അവിടെ എത്തിയപ്പോൾ ഞെട്ടിക്കുന്ന കാഴ്ച. വയനാട്ടിലെ ഉൗട്ടിയെന്ന് അറിയപ്പെടുന്ന പുത്തുമല അപ്പാടെ ഇളക്കിത്തകർത്തപോലെ. നിലയ്ക്കാത്ത മഴയുടെ ശബ്ദത്തെ ഭേദിക്കുന്ന നിലവിളി. ഉടൻ എല്ലാവരുടെയും സഹായം അഭ്യർത്ഥിച്ച് സഹദ് ഒരു വീഡിയോ സന്ദേശം അയച്ചു. നിമിഷ നേരം കൊണ്ട് അത് ലോകമെമ്പാടുമെത്തി.
സി.പി.എം മേപ്പാടി ലോക്കൽ കമ്മിറ്റി അംഗമായ സഹദ് എ.വി.ടി എസ്റ്റേറ്റിന്റെ ചുളുക്ക ഡിവിഷനിലെ സാധാരണ തൊഴിലാളിയാണ്. ഉപ്പ ഹുസൈൻ ചെറുപ്പത്തിലേ മരിച്ചു. ഉമ്മ റുക്കിയ തോട്ടത്തിൽ പണിയെടുത്താണ് കുടുംബം നോക്കിയത്. പഞ്ചായത്ത് പ്രസിഡന്റായതോടെ ജാേലിയിൽ നിന്ന് അവധിയെടുത്തിരിക്കുകയാണ് സഹദ്. ഭാര്യ: സമീറ. രണ്ട് മക്കളുണ്ട്.
വിശ്രമമില്ലാതെ സബ് കളക്ടർ
കഴിഞ്ഞ പ്രളയകാലത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനാണ് എൻ.എസ്.കെ. ഉമേഷ്. അന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എത്തിച്ച സാധനങ്ങൾ തലയിലേറ്റി റൂമിലേക്ക് മാറ്റുന്ന ഉമേഷ് താരമായി. ജില്ലയിലെ ദുരന്തമേഖലകളിലൊക്കെ ഒാടിയെത്തിയിരുന്നു അദ്ദേഹം. ഇത്തവണയും വിശ്രമമില്ല. പുത്തുമല ദുരന്തമുണ്ടായ എട്ടിനു ഇവിടെയെത്തിയതാണ്. താമസസ്ഥലത്തേക്ക് പോയത് ഒറ്റ ദിവസം മാത്രം.
തമഴ്നാട് സ്വദേശിയായ ഉമേഷ് നേരത്തേ പാലക്കാട് സബ് കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ വിഘ്‌നേശ്വരി കോഴിക്കോട് സബ് കളക്റാണ്. കേശവൻ - ഭാനുമതി ദമ്പതികളുടെ മകനാണ്. ഏകസഹോദരൻ അമേരിക്കയിൽ.