local

പയ്യോളി: കനത്ത മഴയെ തുടർന്ന് വീട്ടിൽ വെള്ളം കയറിയതോടെ ക്യാമ്പിൽ അഭയം പ്രാപിച്ചവർ ഇടയ്ക്കൊന്നു വന്നു നോക്കിയപ്പോൾ 'വരവേറ്റത്" പെരുമ്പാമ്പ് !. അയനിക്കാട് കുറ്റിയിൽപീടികയ്ക്ക് പടിഞ്ഞാറുഭാഗത്തെ ചാത്തമംഗലം കോളനിയിലെ പുരുഷുവിന്റെ വീട്ടിലാണ് സംഭവം. രണ്ടു മീറ്ററിലേറെ നീളമുള്ള ഈ ഉഗ്രനെ വനം വകുപ്പിന്റെ പാമ്പുപിടിത്തക്കാരൻ സുരേന്ദ്രൻ കരിങ്ങാട് പിടികൂടി പെരുവണ്ണാമൂഴിയിലേക്ക് മാറ്റി.

വയലിൽക്കരയിലായുള്ള വീട്ടിലേക്ക് വെള്ളം കയറിയപ്പോൾ അയനിക്കാട് ടെക്‌നിക്കൽ ഹൈസ്‌കൂളിലെ ക്യാമ്പിലേക്ക് മാറിയതായിരുന്നു പുരുഷുവിന്റെ കുടുംബം. വെള്ളം ഇറങ്ങിയോ എന്നറിയാൻ ഇന്നലെ വീട്ടിലെത്തിയ സമയത്താണ് വീടിന്റെ ഷെഡിനോടു ചേർന്നുള്ള വലയിൽ കുടുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടത് വനസംരക്ഷണ വകുപ്പിൽ വിവരം അറിയിച്ചതോടെ വൈകാതെ സുരേന്ദ്രൻ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. ആൺവർഗത്തിൽപെട്ട പാമ്പിന് എട്ടു വയസ്സെങ്കിലുമുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. ദേഹത്ത് പറ്റിയ മുറിവ് മാറ്റാൻ പെരുവണ്ണാമൂഴിയിലെ പരിപാലനകേന്ദ്രത്തിൽ നിന്ന് പരിചരണം നൽകിയ ശേഷം പിന്നീട് തുറന്നുവിടുമെന്നും അദ്ദേഹം പറഞ്ഞു.