radar-searching

കല്പറ്റ: മേപ്പാടി പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും തെരച്ചിലിനായി നാഷണൽ ജിയോ ഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് റഡാറുകൾ എത്തിക്കും.

പുത്തുമലയിൽ മണ്ണിനടിയിൽ അകപ്പെട്ടവരിൽ ബാക്കിയുള്ള ഏഴു പേ‌ർക്കായി സേനാംഗങ്ങളും സന്നദ്ധപ്രവർത്തകരും ഇന്നലെ മഴ വകവെക്കാതെ തെരച്ചിൽ തുടർന്നപ്പോഴും ആരെയും കണ്ടെത്താനായില്ല. ദുരന്തത്തിനു മുമ്പുള്ള ഈ ഭൂപ്രദേശത്തിന്റെ സ്കെച്ച് വരച്ച്, സാദ്ധ്യതയുള്ള ഇടങ്ങൾ നിർണയിച്ച് നടത്തിയ പരിശോധന തുടക്കത്തിൽ നിഷ്ഫലമാവുകയായിരുന്നു.

ശാസ്‌ത്രീയ പരിശോധനയ്ക്കായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ (ജി. പി.ആർ) ലഭ്യമാക്കുമെന്ന്‌ നേരത്തെ രണ്ടു ഏജൻസികൾ ഏറ്റിരുന്നെങ്കിലും പിന്നീട് പ്രതികരണമുണ്ടായില്ല. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര സ്ഥാപനമായ നാഷണൽ ജിയോ ഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായം തേടുകയായിരുന്നുവെന്ന് സബ് കളക്ടർ എൻ.എസ്.കെ.ഉമേഷ് പറഞ്ഞു.

തെരച്ചിലിന് സ്‌കാനർ ഉപയോഗപ്പെടുത്താൻ ആദ്യം ആലോചിച്ചിരുന്നു. മരവും പാറക്കൂട്ടവും വെള്ളവും നിറഞ്ഞ ഭൂമിയിൽ സ്‌കാനർ പരിശോധന ദുഷ്‌കരമായതിനാൽ അതു ഉപേക്ഷിക്കേണ്ടി വന്നു.

ശരീരസാന്നിദ്ധ്യം മണത്തറിയാൻ പൊലീസ് ഡോഗ് സ്‌ക്വാഡിലെ മുൻനിരക്കാരെ എത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്നാണ് ഇവയെ കൊണ്ടുവരുന്നതെന്ന് സബ് കളക്ടർ പറഞ്ഞു.

ഇന്നലെ സ്കെച്ച് അടിസ്ഥാനമാക്കിയുള്ള തെരച്ചിലിൽ ഏറെ പലയിടങ്ങളിലായി ആഴത്തിൽ മണ്ണ് നീക്കി നോക്കിയിട്ടും കാര്യമുണ്ടായില്ല.

മുസ്ലിം പളളിയുണ്ടായിരുന്നിടത്ത് രണ്ടു ജെ.സി.ബി ഉപയോഗിച്ച് കാലത്ത് മുതൽ തന്നെ പരിശോധന തുടങ്ങിയിരുന്നു. തൊഴിലാളികൾ താമസിച്ചിരുന്ന പാടികളുടെ സ്ഥലത്തു മൂന്നു ഹിറ്റാച്ചികൾ ഉപയോഗിച്ചായിരുന്നു പരിശോധന.