letter

കോഴിക്കോട്: രക്ഷാപ്രവർത്തനത്തിനിടെ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന ലിനുവിന്റെ കുടുംബം അനാഥമാവില്ല. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ ലിനുവിന്റെ കുടുംബത്തിന് പുത്തൻവീട് പണിതു നൽകും.

ഫൗണ്ടേഷൻ ഡയറക്ടറായ സംവിധായകൻ മേജർ രവി ഇന്നലെ നേരിട്ടെത്തി എല്ലാ സഹായവും ഉറപ്പ് നൽകി. മോഹൻലാൽ ഫോണിൽ വിളിച്ച് ലിനുവിന്റെ അമ്മ പുഷ്പലതയെ ആശ്വസിപ്പിച്ചു.

ഇന്നലെ ഉച്ചയോടെയാണ് മേജർ രവി നഗരത്തിനടുത്ത് കുണ്ടായിത്തോട് എരഞ്ഞിരക്കാട് പാലത്തിന് സമീപത്തെ ലിനുവിന്റെ പിതൃസഹോദരന്റെ വീട്ടിലെത്തിയത്. സഹായത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഒരു ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം ലിനുവിന്റെ പുഷ്പലതയ്ക്ക് കൈമാറി. മോഹൻലാൽ അവർക്കെഴുതിയ കത്തും ഏല്പിച്ചു.

മഴയൊന്നു കനത്താൽ വെള്ളം കയറുന്ന വീട്ടിലാണ് ലിനുവിന്റെ കുടുംബം കഴിയുന്നത്. ഈ വീടും കടത്തിലാണ്. ആ കടബാദ്ധ്യതയും ഏറ്റെടുക്കുമെന്ന് മേജർ രവി ഉറപ്പ് കൊടുത്തു. ലിനുവിന്റെ അച്ഛൻ സുബ്രഹ്മണ്യൻ, സഹോദരങ്ങളായ ലാലു, ലൈജു എന്നിവരുമുണ്ടായിരുന്നു വീട്ടിൽ. രവിയ്ക്കൊപ്പം ആർ.എസ്.എസ് പ്രാന്തസേവാപ്രമുഖ് എ. വിനോദുമുണ്ടായിരുന്നു.

നടൻ ജയസൂര്യയും സുരേഷ് ഗോപി എം.പി യും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയാണ് ജയസൂര്യ നൽകുന്നത്.

മരണമെത്തിയത്

രക്ഷാപ്രവർത്തനത്തിനിടെ

വീട്ടിൽ വെള്ളം കയറിയതോടെ കുടുംബാംഗങ്ങളെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ച ശേഷം വീണ്ടും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയപ്പോഴാണ് ലിനുവിന് ജീവൻ നഷ്ടമായത്. പോകേണ്ടെന്നു പറഞ്ഞ് വിലക്കിയ വീട്ടുകാരോട് കയർത്താണ് ലിനു ഇറങ്ങിയത്. രക്ഷാപ്രവർത്തനത്തിനിടെ ലിനുവിനെ കാണാനില്ലെന്ന് അറിഞ്ഞതും ഒപ്പമുള്ളവർ ഫയർഫോഴ്സിനെ അറിയിച്ചു. രാത്രി ഒൻപതരയോടെ ലിനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ലിനുവിന്റെ അമ്മയ്ക്ക്

മേഹൻലാൽ എഴുതിയ കത്ത്

പ്രിയപ്പെട്ട അമ്മയ്ക്ക്,

അമ്മ ക്യാമ്പിലായിരുന്നു എന്ന് അറിയാം. ക്യാമ്പിലേക്ക് അമ്മയ്ക്ക് കൂട്ടായി വന്ന മകൻ ഇന്ന് അമ്മയുടെ കൂടെ ഇല്ലെന്നുമറിയാം. ആ മകൻ യാത്രയായത് മൂന്നരക്കോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ്. മറ്റൊരാൾക്കു വേണ്ടി ജീവിക്കാൻ വലിയ മനസുവേണം. മറ്റുള്ളവർക്ക് വേണ്ടി ജീവൻ നൽകാൻ വലിയ മനസും ധീരതയും വേണം. ധീരനായിരുന്നു അമ്മയുടെ മകൻ. ഞാൻ ഉൾപ്പെടുന്ന ഈ സമൂഹത്തിനു വേണ്ടിയാണ് മകൻ അമ്മയെ വിട്ടുപോയത്. വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ കഴിയില്ല എന്ന് എനിക്കറിയാം. ഇതു പോലെ ഒരു മകനെ സമൂഹത്തിന് നൽകിയതിന് മറ്റൊരു മകൻ എഴുതുന്ന സ്നേഹവാക്കുകളായി കരുതണം.

സ്നേഹത്തോടെ,

പ്രാർത്ഥനയോടെ,

അമ്മയുടെ മോഹൻലാൽ.