puthumala

കൽപ്പറ്റ:അബ്ദുൾ റഹ്മാൻ,അവറാൻ,നബീസ,ഷൈല,ഹംസ ഇങ്ങനെ അഞ്ച് പേർ.ഇവർ എവിടെയാണ് ആർക്കും അറിയില്ല.ഇവരെ കണ്ടെത്തണമെന്ന് ഇവരുടെയൊക്കെ കുടുംബങ്ങൾക്ക് അതിയായ ആഗ്രഹമുണ്ട്.പക്ഷെ കഴിഞ്ഞ എട്ടാം തീയതി മുതൽ നാടും ന‌ഗരവും കാണാതായവർക്ക് വേണ്ടി സ്വന്തം ജീവൻ പോലും വെടിയാൻ തയ്യാറായി തെരച്ചിലിലാണ്.

വയനാട് മേപ്പാടി പുത്തുമല ഉരുൾ പൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുളള തെരച്ചിൽ തിങ്കളാഴ്ചയോടെ ഏതാണ്ട് അവസാനിക്കും.അതിനിടക്ക് പ്രിയപ്പെട്ടവരെ എങ്ങനെയെങ്കിലും കണ്ടെത്തിയിരുന്നെങ്കിൽ.കഴിഞ്ഞ ദിവസം മേപ്പാടി ഗ്രാമ പഞ്ചായത്ത് ഹാളിലെ അവലോകന യോഗത്തിൽ മുഹമ്മദ് ചെറിയൊരു അഭ്യർത്ഥന നടത്തി.സൂചിപ്പാറയിൽ നിന്ന് നിലമ്പൂർ ചാലിയാറിലേക്ക് വരെ ഒരു തെരച്ചിൽ നടത്തിയാലോ?.

ഉരുൾ പൊട്ടലിൽ ഇതേവരെ കണ്ടെത്താൻ കഴിയാത്ത അവറാന്റെ സഹോദരനാണ് മുഹമ്മദ്.ഇൗ അഭിപ്രായം കേട്ടയുടൻ തന്നെ ചടങ്ങ് നിയന്ത്രിച്ച സി.കെ. ശശീന്ദ്രൻ എം.എൽ.എ പെട്ടെന്ന് തന്നെ പ്രതികരിച്ചു." അതിനെന്താ മുഹമ്മദേ.. മനുഷ്യ സാധ്യമായ എന്തും നമുക്ക് ചെയ്യാം.നാളെ തന്നെ ഒരു ടീം സൂചിപ്പാറയിൽ നിന്ന് താഴോട്ട് നടന്ന് തിരച്ചിൽ തുടങ്ങാനുള്ള നടപടികൾ കൈ കൊള്ളാം.." സി.കെ. ശശീന്ദ്രൻ എം.എൽ. എയുടെ അഭിപ്രായം കണക്കിലെടുത്ത് എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ എന്തിനും തയ്യാറായൊരു സംഘം അതിസാഹസികമായ ഒരു തെരച്ചിൽ നടത്തി.

മൂവായിരം അടി താഴ്ചയുളള നിലമ്പൂർ ചാലിയാർ വരെ.അതികാലത്ത് തുടങ്ങിയ തെരച്ചിൽ സംഘം ചാലിയാറിന്റെ കരയിലേക്ക് എത്തുമ്പോൾ സന്ധ്യയായി.എൻ.ഡി.ആർ. എഫ്, ഫയർ , പൊലീസ്, ഫോറസ്റ്റ് എന്നിവരിൽ നിന്നു 30 അംഗ സംഘത്തെയാണ് തെരച്ചിലിനായി തിരഞ്ഞെടുത്തത്. ലെഫ്റ്റനന്റ് ഡെപ്യൂട്ടി കമാണ്ടർ എൻ.ഡി.ആർ.എഫ് ജിതേഷ് മിഷൻ അംഗങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.ജീവൻ പോലും പണയം വച്ച് കൊണ്ടുളള തെരച്ചിൽ.കാണാതായ അഞ്ച് പേരെ എങ്ങും കണ്ടെത്താനായില്ല.ഒടുവിൽ ബന്ധുക്കളുടെയും മറ്റും അഭിപ്രായം മാനിച്ച് എൻ.ഡി.ആർ.എഫ് സംഘം ഇന്നലെ മടങ്ങി.

നാട്ടുകാരുടെയും മറ്റും നേതൃത്വത്തിൽ നാളെ കൂടി ഇവിടെ പരിശോധന നടത്തും.പിന്നെ എന്ത് ചെയ്യണമെന്ന് ബന്ധുക്കളുടെ അഭിപ്രായം മാനിച്ച് ചെയ്യാനാണ് അധികൃതരുടെ തീരുമാനം.പക്ഷെ ഇനിയും ഇങ്ങനെ അന്വേഷണ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുന്നതിൽ ബന്ധുക്കൾക്ക് വിഷമമുണ്ട്. പക്ഷേ കാണാതായവരെ കണ്ടെത്താൻ കഴിയാതെ എങ്ങനെ ഉറങ്ങും?....അറിയില്ല.തെരച്ചലിന് മുഖ്യ പങ്ക് വഹിച്ച എൻ.ഡി. ആർ.എഫ് സംഘം ഇന്നലെ ചുരം ഇറങ്ങി.വേദനയോടെയാണ് ഇവരെ യാത്രയാക്കിയത്. ദുരന്തത്തിൽ മരണപ്പെട്ട പന്ത്രണ്ട് പേരെ കണ്ടെത്താനായി എന്നത് മാത്രമാണ് ചെറിയൊരു ആശ്വാസം.പുത്തുമല ഗ്രാമം ഇപ്പോഴും തേങ്ങുന്നു.ഇനി കണ്ടെത്താനുളള അഞ്ച് പേർക്കായി...