കോഴിക്കോട്: ആർ.എസ്.എസ് വിചാരപദ്ധതിയുടെ വിജയകാലമാണിതെന്ന് സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞു.കോഴിക്കോട് മഹാനഗറിലെ സ്വയംസേവകരുടെ സാംഘികിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിരോധികളുടെ മനസിൽ പോലും സ്നേഹവും മമതയും സൃഷ്ടിക്കാൻ ആർ.എസ്.എസിന് കഴിഞ്ഞിട്ടുണ്ട്. ആർ.എസ്.എസിന്റെ ആദ്യ ഇരുപത് വർഷങ്ങൾ അവഗണനയുടെയും പിന്നീടുള്ള 70 വർഷങ്ങൾ കടുത്ത എതിർപ്പിന്റെയും കാലമായിരുന്നു. ആത്മീയ മനോഭാവത്തോടെ സമൂഹത്തിൽ നിരന്തരം പ്രവർത്തിച്ചാണ് സംഘം മുന്നേറിയത്. കാര്യപൂർത്തിക്കായി സമ്പൂർണ സമർപ്പണ മനോഭാവത്തോടെ സ്വയംസേവകർ സമൂഹജീവിതത്തിന്റെ വ്യത്യസ്തമേഖലകളിൽ മാറ്റം സൃഷ്ടിച്ചു. ഇതാണ് ഇന്നുണ്ടായ വിജയത്തിന് കാരണം.
അനുകൂല കാലാവസ്ഥയിലും ശ്രദ്ധയോടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് പരിശ്രമിക്കേണ്ടത്. സമൂഹത്തെ ഒന്നായി കാണാനുള്ള മനോഭാവം വളർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ ക്ഷേത്രീയ സംഘചാലക് ഡോ. ആർ. വന്നിയരാജൻ, പ്രാന്തസംഘചാലക് പി.ഇ.ബി. മേനോൻ, വിഭാഗ് സംഘചാലക് യു. ഗോപാൽ മല്ലർ, മഹാനഗർ സംഘചാലക് ഡോ. സി.ആർ. മഹിപാൽ എന്നിവർ സംബന്ധിച്ചു. മഹാനഗർ സഹകാര്യവാഹ് കെ. സർജിത്‌ലാൽ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി.
കോഴിക്കോട്ടെ മൂന്നു ദിവസത്തെ പരിപാടികൾക്ക് ശേഷം മോഹൻ ഭാഗവത് കോട്ടയത്തേക്ക് തിരിച്ചു. ഇന്ന് റിട്ട. ജസ്റ്റിസ് കെ.ടി. തോമസ്, പ്രൊഫ. ഒ.എം. മാത്യു എന്നിവരുമായുള്ള കൂടിക്കാഴ്ച നടക്കും. നാളെ വള്ളിക്കാവ് മഠത്തിൽ മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചശേഷം അദ്ദേഹം മടങ്ങും.