durand-cup-football

കോഴിക്കോട്: ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം വിജയൻ വീണ്ടും ഡുറൻഡ് കപ്പിൽ മുത്തമിട്ടു. ഒപ്പം ഗോകുലം കേരള എഫ്.സിയുടെ നായകൻ മാർക്കസ് ജോസഫും. ഇന്നലെ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്നത് ചരിത്രം സൃഷ്ടിച്ച നായകന്റെയും ചരിത്രം തിരിച്ചു പിടിച്ച നായകന്റെയും സമാഗമം.

22 വർ‌ഷങ്ങൾക്ക് മുമ്പ് ഐ.എം. വിജയന്റെ നേതൃത്വത്തിലാണ് കേരളത്തിലെ ആദ്യ പ്രഫഷണൽ ഫുട്ബാൾ ക്ലബായ എഫ്.സി കൊച്ചിൻ ഡുറൻഡ് കപ്പ് സ്വന്തമാക്കിയത്. അന്ന് ടൂർണമെന്റിലെ ടോപ് സ്കോററും വിജയനായിരുന്നു. 22 വർഷങ്ങൾക്ക് ശേഷം ചരിത്രം ആവർത്തിച്ചു. ഗോകുലം കേരള എഫ്.സി ഡുറൻഡ് കപ്പ് വീണ്ടും മലയാള മണ്ണിൽ എത്തിച്ചു.

ഗോകുലം കപ്പ് നേടുമ്പോൾ നായകൻ മാർക്കസ് ജോസഫാണ് ടോപ് സ്കോറർ. ഇരു ടീമുകളും തോൽപ്പിച്ചത് മോഹൻ ബഗാനെ. വിജയനും മാർക്കസും ഫൈനലിൽ ഗോളുകൾ നേടി.

കളിജീവിതത്തിലെ സുന്ദരമായ നിമിഷങ്ങൾ ഓർമിപ്പിച്ച ഗോകുലം കേരള എഫ്.സിയുടെ ക്യാപ്ടനെ കാണാൻ ഐ.എം. വിജയൻ ഓടി എത്തിയത് ഇതുകൊണ്ടാണ്. ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരത്തെ കാണാനായതിന് ഏറെ സന്തോഷം നൽകുന്നതാണെന്നെന്നും. കിരീട നേട്ടം സന്തോഷം പകരുന്നതാണെന്നും മാർക്കസ് ജോസഫ് പറഞ്ഞു.

തന്റെ ഫുട്ബാൾ ജീവിതത്തിലെ ഏറ്റവും മികച്ച ഗോൾ നേടിയ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലൂടെ മാർക്കസിനൊപ്പം നടന്ന ഐ.എം. വിജയൻ ഈ സ്റ്റേഡിയത്തിന്റെ പ്രതാപ കാലത്തെ കുറിച്ചും കോഴിക്കോടിന്റെ ഫുട്ബാൾ പ്രേമത്തെ കുറിച്ചും മാർക്കിസനോട് പറഞ്ഞു. ഇന്ത്യൻ ഫുട്ബാളിന്റെ മെക്കയാണ് കോഴിക്കോടെന്ന് വിജയൻ വിശേഷിപ്പിച്ചു.

. ഗോകുലം കേരള എഫ്.സിയെന്ന ടീമിനെ കേരളത്തിന് സമർപ്പിച്ച ഗോകുലം ഗോപാലനെ വിജയൻ അഭിനന്ദിച്ചു.

ഡുറൻഡ് കപ്പിലെ ഗോകുലത്തിന്റെ കളികളെല്ലാം കണ്ടിരുന്നു, മികച്ച പ്രകടനമായിരുന്നു മാർക്കസിന്റേത്. ഗോകുലത്തിന് കിട്ടിയിരിക്കുന്നത് മികച്ച സ്ട്രൈക്കറെയാണ്. ഈ ടീം ഇനിയും മുന്നേറും - ഐ.എം വിജയൻ