മാനന്തവാടി:വയനാട് ജില്ലയിലെ പ്രളയക്കെടുതി വിലയിരുത്താൻ എത്തിയ കോൺഗ്രസ് എം. പി രാഹുൽ ഗാന്ധി പാരമ്പര്യ വിത്ത് സംരക്ഷകനും ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡ് ജേതാവുമായ ഷാജിയുടെ കൃഷിയിടം സന്ദർശിച്ചു.
പ്രളയത്തിൽ വ്യാപക കൃഷിനാശം സംഭവിച്ച ഷാജി കഴിഞ്ഞ ദിവസം രാഹുലിന് നിവേദനം നൽകിയിരുന്നു. ഇന്നലെ ആറാട്ടു തറയിലെ സ്ഥലത്തും വീട്ടിലും എത്തിയ അദ്ദേഹം ഷാജിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പ്രളയത്തിൽ വലിയ നാശമുണ്ടായെന്നും സർക്കാരിൽ നിന്ന് നാമമാത്രമായ തുകയാണ് കിട്ടിയതെന്നും ഷാജി പറഞ്ഞു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് 200 ൽപരം കിഴങ്ങുവർഗ്ഗങ്ങൾ സംഘടിപ്പിച്ച് കൃഷിചെയ്യുന്ന ഷാജിയെ കുടുംബത്തെയും രാഹുൽ ഗാന്ധി അഭിനന്ദിച്ചു. വിവിധയിനം നെൽ വിത്തുകളെക്കുറിച്ചും രാഹുൽ ചോദിച്ചറിഞ്ഞു. കെ. സി വേണുഗോപാൽ, ഐ. സി ബാലകൃഷ്ണൻ എം എൽ എ. എന്നിവരും ഉണ്ടായിരുന്നു. ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും രാഹുൽ ഗാന്ധി സന്ദർശിച്ചു. പ്രളയക്കെടുതിയുടെ സങ്കടങ്ങൾ കർഷകർ രാഹുലിന്റെ ശ്രദ്ധയിൽപ്പെടുത്തി. രാഹുലിനെ കാണാൻ എങ്ങും തിക്കും തിരക്കുമായിരുന്നു. ഇന്ന് ഉച്ചയോടെ അദ്ദേഹം വയനാട്ടിൽ നിന്ന് മടങ്ങും.