കോഴിക്കോട്: നിരന്തരം സമ്മർദ്ദം ചെലുത്തിയിട്ടും ട്രെയിൻ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുന്നില്ലെന്ന് കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ റെയിൽവേ യൂസേഴ്‌സ് അസോസിയേഷൻ ദേശീയ ചെയർമാൻ ഡോ. എ വി അനൂപ് പറഞ്ഞു.

ഹോട്ടൽ മഹാറാണിയിൽ ' തീവണ്ടി യാത്രക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും ' എന്ന വിഷയത്തിൽ അസോസിയേഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെന്നൈയിൽ ട്രെയിൻ സൗകര്യം മെച്ചപ്പെട്ടതാണെങ്കിലും കേരളത്തിലേക്കുള്ള യാത്ര പ്രയാസം നിറഞ്ഞതാണ്. യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതോടൊപ്പം സുരക്ഷയ്ക്കും റെയിൽവേ ശ്രദ്ധകൊടുക്കണം അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് റെയിൽവേ ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം ഒരിടത്തും എത്താത്ത അവസ്ഥയാണെന്ന് വിഷയം അവതരിപ്പിച്ച്കൊണ്ട് വർക്കിംഗ് ചെയർമാൻ ഷെവ.സി. ഇ ചാക്കുണ്ണി പറഞ്ഞു.അനുവദിച്ച തുക പോലും ലാപ്‌സാക്കുകയാണ്. അനുവദിച്ച തുകയുടെ 7ശതമാനം ചെലവഴിച്ച വർഷങ്ങളും ഉണ്ടായിട്ടുണ്ട്.കൂടുതൽ ട്രെയിനുകൾ ചോദിക്കുമ്പോൾ പാളങ്ങളുടെ സൗകര്യക്കുറവ് ചൂണ്ടിക്കാട്ടി നിരസിക്കുകയാണ് പതിവ്.

പുതുതായി ഒന്നും ലഭിക്കുന്നില്ലെന്ന് മാത്രമല്ല നിലവിൽ ഉണ്ടായിരുന്ന സൗകര്യം പോലും നഷ്ടപ്പെട്ട്കൊണ്ടിരിക്കുകയാണ്.ഇതിന് മാറ്റം വേണം അദ്ദേഹം പറഞ്ഞു .സൺഷൈൻ ഷൊർണൂർ മോഡറേറ്ററായിരുന്നു.

മലബാർ ഡെവലപ്പ്മെന്റ് കൗൺസിൽ വൈസ് ചെയർമാൻ എം.മാധവൻ, സതേൺ റെയിൽവേ മുൻ ചീഫ് കൺട്രോളർ കെ. എം ഗോപിനാഥ്, കാലിക്കറ്റ് ചേംബർ ഒഫ് കൊമേഴ്സ് റെയിൽവേ സബ് കമ്മിറ്റി ചെയർമാൻ ഐപ് തോമസ് തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽവച്ച് കാലിക്കറ്റ് ചേംബർ ഒഫ് കൊമേഴ്‌സ് മുൻ പ്രസിഡന്റ് എൻ.ഇ ബാലകൃഷ്ണമാരാർ ഡോ. എ. വി അനൂപിനെ പൊന്നാട അണിയിച്ച് ആദരിച്ചു.കൺവീനർമാരായ അഡ്വ. എം.കെ അയ്യപ്പൻ സ്വാഗതവും ടി.പി വാസു വാസു നന്ദിയും പറഞ്ഞു.