മുക്കം: രാഹുൽ ഗാന്ധി എം പി യുടെ കേന്ദ്ര ഓഫീസ് മുക്കത്ത് പ്രവർത്തനമാരംഭിച്ചു. രാഹുൽ ഗാന്ധിതന്നെയാണ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് നോർത്ത് കാരശേരിയിൽ നടന്ന പൊതുചടങ്ങിൽ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മൽസ്യത്തൊഴിലാളികളെയും സന്നദ്ധ സംഘടനാ പ്രവർത്തകരെയും വിൽപ്പനയ്ക്കുള്ള വസ്ത്രങ്ങൾ ദുരിതബാധിതർക്ക് നൽകി മാതൃക കാണിച്ച കൊച്ചിയിലെ തെരുവുകച്ചവടക്കാരൻ നൗഷാദിനെയും ആദരിച്ചു. കാസർക്കോട്ട് കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിന് കോൺഗ്രസ് കോഴിക്കോട്ജില്ല കമ്മിറ്റി സ്വരൂപിച്ച 15 ലക്ഷം രൂപ രാഹുൽ ഗാന്ധി കൈമാറി. മുൻ മന്ത്രിയും വണ്ടൂർ എം.എൽ.എയുമായ എ.പി അനിൽ കുമാറിനാണ് മുക്കത്തെ ഓഫിസിന്റെ ചുമതല. യശഃശരീരനായ എം.ഐ ഷാനവാസിൻ്റെ സ്റ്റാഫായിരുന്ന മുഹമ്മദ് റാഫിയായിരിക്കും ഓഫീസിലുണ്ടാവുക.