കോഴിക്കോട്: പുറക്കാട്ടിരിയില്‍ നാല് ഏക്കര്‍ ഭൂമിയിൽ ജില്ലാ ആയുര്‍വേദ ആശുപത്രിക്കായി പുതിയ കോംപ്ലക്‌സ് വരുന്നു. പത്ത് നില കെട്ടിടമാണ് ഉയരുക. ആദ്യഘട്ടത്തില്‍ നാലുനില കെട്ടിടം തീർക്കാനുള്ള പ്ലാനിന് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം അംഗീകാരം നൽകി.

പഠനവൈകല്യമുള്ള കുട്ടികളുടെ ചികിത്സയ്ക്ക് കൂടി സംവിധാനമുള്ള സ്പന്ദനം (ചൈല്‍ഡ് ആന്‍ഡ് അഡൾട്ട് കെയർ) പദ്ധതിയ്ക്കും കെട്ടിട സമുച്ചയം പണിയുന്നുണ്ട്. രണ്ട് കെട്ടിടങ്ങളുടെയും താഴത്തെ നിലയുടെ നിര്‍മ്മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനായി രണ്ടു കോടി രൂപ വകയിരുത്തിക്കഴിഞ്ഞു.

ഇപ്പോൾ ഭട്ട് റോഡില്‍ പരിമിതമായ സ്ഥലത്താണ് ജില്ലാ ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ആകെ 100 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമേയുള്ളൂ.

കൂടുതല്‍ വാര്‍ഡുകളുമായി ആധുനികസംവിധാനങ്ങളോടെയായിരിക്കും പുതിയ കെട്ടിട സമുച്ചയം.