കോട്ടയം: പുവൻതുരുത്ത് ഇൻഡസ്ട്രിയൽ ഏരിയായിൽ പ്രവർത്തിക്കുന്ന കമ്പനിയിലെ മലിനജലം വീടുകളിലെ കിണറ്റിലേക്ക് ഒഴുകിയെത്തുന്നതായി പരാതി. പൂവൻതുരുത്ത് ഗാന്ധിമതിതോപ്പിൽ ദാസാണ് കമ്പനികൾക്കെതിരെ പനച്ചിക്കാട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയത്. പൂവൻതുരുത്തിലെ മാറ്റ് കമ്പനിക്കെതിരെയാണ് പ്രധാനമായും പരാതി ഉയർന്നിരിക്കുന്നത്. കമ്പനിയിൽ നിന്നുള്ള ആസിഡ് കലർന്ന വെള്ളം ഉറവയായി കിണറ്റിലേക്ക് ഒലിച്ചിറങ്ങുകയാണ്. കിണറ്റിലെ വെള്ളം ഉപയോഗിച്ച കുടുംബാംഗങ്ങൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. പൂർണ്ണമായും മലിനജലം കലർന്നതിനാൽ കിണർ ഉപയോഗശൂന്യമാണെന്ന് പരാതിയിൽ പറയുന്നു. ഇപ്പോൾ തലചുമടായി എത്തിക്കുന്ന വെള്ളമാണ് കുടുംബം കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. കമ്പനിയിൽ നിന്നുള്ള മലിനജലത്തിന്റെ ഒഴുക്ക് തടയണമെന്നതാണ് പരാതിക്കാരൻ ഉൾപ്പടെയുള്ള നാട്ടുകാരുടെ ആവശ്യം.